headerlogo
views

തുടർക്കഥയാകുന്ന മുങ്ങിമരണങ്ങൾ: ജി രവി

ജീവൻ വിലപ്പെട്ടതാണെന്ന് ഒരു മുദ്രാവാക്യം പോലെ പറയുകയല്ല; ശരിക്കും വിലപ്പെട്ടതാണ്.

 തുടർക്കഥയാകുന്ന മുങ്ങിമരണങ്ങൾ: ജി രവി
avatar image

NDR News

30 Mar 2024 07:59 PM

ജാനകിക്കാട് ഇക്കോ ടൂറിസം സെൻ്റർ പൊതുവിൽ സുരക്ഷിതമായ ഒരിടമാണ്. ഒരുഭാഗം കുറ്റ്യാടിപ്പുഴയും മറ്റ് മൂന്നുഭാഗങ്ങളും ജനവാസമേഖലയുമാണ്. വന്യമൃഗങ്ങൾ കുരങ്ങോ കാട്ടുപന്നിയോ കണ്ടെന്നു വരാം. ഏതായാലും യാത്രികരുടെ പഥത്തിൽ അവ തടസ്സമായിത്തീരില്ല. പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവ ധാരാളമായുണ്ട്. സസ്യവൈവിധ്യം പഠിക്കേണ്ടവർക്കും ജാനകിക്കാടൊരു പാഠപുസ്തകമാണ്. എപ്പോഴും തെളിനീരൊഴുകുന്ന കുറ്റ്യാടിപ്പുഴ ആരേയും മോഹിപ്പിക്കും. ബാണാസുരസാഗർ, കുറ്റ്യാടിപ്പുഴ, കടന്തറപ്പുഴ, ഇല്യാനിപ്പുഴ, മൂത്താട്ടുപുഴ, ഓനിപ്പുഴ, നെടുവാലിപ്പുഴ , ചെറുപുഴ എന്നിങ്ങനെ നിരവധി പുഴകളൊന്നായാണ് കുറ്റ്യാടിപ്പുഴയായി പ്രയാണം തുടരുന്നത്. പെരുവണ്ണാംമൂഴി ഡാം തൊട്ട് കടലിൽ ചേരുന്ന വടകരയെത്തുവോളം നിരവധി കയങ്ങളും ചുഴികളും കുത്തൊഴുക്കുകളും ഈ പുഴയിലുണ്ട്. ഡാം തൊട്ട് കുറ്റ്യാടി ടൗൺ വരെ ഇവ ഇടവിട്ടിടവിട്ട് കാണാം. 

 

ഈ വേനൽക്കാലത്തു പോലും കയങ്ങളിൽ വെള്ളം കുറവില്ല. എന്നു മാത്രവുമല്ല, ഉപരിതലത്തിന് ഏതാണ്ട് ഒരു മീറ്റർ താഴെ മുതൽ കടുത്ത തണുപ്പുള്ള വെള്ളവുമായിരിക്കും. അഞ്ചും ആറും ആൾ വെള്ളമുള്ള കയങ്ങളുണ്ട്. (കരിമ്പനക്കയം, തിമിരിക്കയം എന്നിങ്ങനെ നിരവധി പേരുകൾ പറയാം). കയങ്ങൾ പെട്ടെന്നൊരു കുഴിയല്ല. നേരെ ചരിഞ്ഞിറങ്ങുന്നവയാണ് അവ. ഇറങ്ങിപ്പോവുന്നതുപോലെ എളുപ്പമല്ല കയറിപ്പോരൽ. സ്ഥലപരിചയമില്ലാത്തവർക്ക് ഏറെക്കുറേ അസാധ്യവുമാണ്. കയത്തിൻ്റെ അടിയിലെത്തിയാൽ ഉയർന്നുവരൽ എളുപ്പമല്ല. വെള്ളത്തിൻ്റെ കഠിനമായ തണുപ്പം ഘനത്വവും വിലങ്ങുതടിയാകും.

 

ജാനകിക്കാട് ഇക്കോ ടൂറിസം സെൻ്റർ വന്നതിനു ശേഷം സന്ദർശകർ വർദ്ധിച്ചിട്ടുണ്ട്. ജാനകിക്കാടുമാത്രമല്ല, പറമ്പൽ മീൻതുള്ളിപ്പാറ മുതൽ പടത്തുകടോത്തുവരെ സന്ദർശകർ നിറയുന്ന ഇടങ്ങളാണ്. ഈ പ്രദേശങ്ങളാവട്ടെ ചക്കിട്ടപാറ, ചങ്ങരോത്ത് പഞ്ചായത്തിൽ പെട്ടതും, ജാനകിക്കാട് ഇക്കോ ടൂറിസം സെൻ്ററിൽ പെടാത്തതുമാണ്. ജാനകിക്കാടിലെത്തുന്നവരിലേറെയും വിദ്യാലയങ്ങളിൽ നിന്നാണ്. അവിടെ ഗൈഡിൻ്റെ സഹായം ലഭ്യവുമാണ്. രണ്ടു ബസ്സുകളിൽ നൂറുകുട്ടികളിലേറെപ്പേരുമായി വരുന്ന വലിയ സംഘങ്ങളുണ്ട്. സന്ദർശനത്തിൻ്റെ ഒരു ആകർഷക ഘടകം പുഴയിൽ കുളിയാണല്ലോ. ഏറ്റവും അപകടകരമായ കളിയാണത്. മുങ്ങിമരിക്കാൻ മുട്ടോളം വെള്ളം പോലും വേണമെന്നില്ല. ഭാഗ്യവശാൽ (ഭാഗ്യവശാൽ മാത്രം) അത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടില്ല.

 

എന്നാൽ പുഴക്കിക്കരെ അങ്ങനെയല്ല കാര്യങ്ങൾ. നിരവധി മരണങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. ഭൂരിഭാഗവും അശ്രദ്ധകൊണ്ട് വരുത്തി വെക്കുന്നതുമാണ്. പുഴയോട് ഒരു പരിചയവുമില്ലാത്തവരായിരിക്കും സന്ദർശകർ പലരും. കലവും ചട്ടിയും ഗ്യാസ് സ്റ്റൗവ് ഉൾപ്പടെ എത്തുന്നവരുണ്ട്. മദ്യപിക്കാൻ മാത്രം എത്തിച്ചേരുന്നവരുണ്ട്. നല്ലത് . ഭക്ഷണമുണ്ടാക്കിക്കഴിച്ച്, ഒന്നു കുളിച്ച് ഉല്ലസിച്ച് മടങ്ങുന്നതിൽ തെറ്റൊന്നുമില്ല. മദ്യപിച്ച് കുപ്പികൾ പൊട്ടിച്ച് വെള്ളത്തിൽത്തന്നെ വലിച്ചെറിയുന്നത് ചെറിയ തെറ്റൊന്നുമല്ല താനും. മീൻതുള്ളിപ്പാറപരിസരം തൊട്ട് പടത്തുകടോത്തുവരെ ആൾതാമസം വളരെക്കുറവാണ്. ഉള്ളവർതന്നെ പുഴയിൽ സംഭവിക്കുന്നത് അറിയണമെന്നില്ല.

ഇന്നലെ (29/3/24)ഒരു യുവഡോക്ടറാണ് മരിച്ചത്. സാധാരണ ഗതിയിൽ ആളുകൾ എത്താത്ത സ്ഥലത്താണ് സംഭവം. ചവറംമൂഴിയിൽ നിന്ന് പുഴയിലിറങ്ങി താഴേക്ക് നടന്നതാവാം. കയമൊന്നും ശ്രദ്ധയിൽ വന്നിട്ടുണ്ടാവില്ല. ഇപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്ന് എത്ര ഉറക്കെ നിലവിളിച്ചാലും ആരുംകേൾക്കില്ല. കേൾക്കാൻ ആരെങ്കിലും പരിസരത്ത് ഉണ്ടാവണമെന്നുമില്ല.പുഴയുടെ ശബ്ദത്തേക്കാൾ ഉറക്കെയൊന്നും നമുക്കു നിലവിളിക്കാനാവില്ല. ഒടുവിൽ ആരേങ്കിലും സംശയിച്ച് എത്തിപ്പെടുമ്പോഴേക്കും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിരിക്കും. ഓരോവർഷവും മുകളിൽ പറഞ്ഞ മേഖലയിൽ നാലുപേരെങ്കിലും മരണപ്പെടുന്നുണ്ട്. എല്ലാം വിനോദ സഞ്ചാരികൾ തന്നെ. ജീവൻ വിലപ്പെട്ടതാണെന്ന് ഒരു മുദ്രാവാക്യം പോലെ പറയുകയല്ല; ശരിക്കും വിലപ്പെട്ടതാണ്. കമിതാക്കൾ മുതൽ, കൂട്ടുകാർ, കുടുംബം എന്നിങ്ങനെ പലതരം സംഘങ്ങളാണെത്തുക. ഒരാൾ മറ്റൊരാൾക്കു കാവൽ എന്നതു ശരി. കയത്തിലാണ്ടു പോകുമ്പോൾ കവിതയൊട്ടും സഹായിക്കില്ലെന്നോർക്കണം.

 

നമ്മൾ കരുതുക തന്നെവേണം. കയങ്ങളിൽ ഇറങ്ങുന്ന പരിപാടി പൂർണ്ണമായും ഒഴിവാക്കണം. കുളിക്കാൻ അപകടസാധ്യത കുറഞ്ഞ നിരപ്പായ എത്രയോ സ്ഥലങ്ങളുണ്ട്. മദ്യപിക്കാൻ പുഴതേടി വരരുത്. ചാടാനുള്ള ധൈര്യമേ മദ്യം തരൂ. കയറി വരാനുള്ള കരുത്തു പകരാൻ അതിനാവില്ല. ആളൊഴിഞ്ഞ ഇടങ്ങളിൽ പോകുന്നതിനു പകരം ആൾ പെരുമാറ്റമുള്ളിടങ്ങളിലാവട്ടെ നമ്മുടെ സന്ദർശനം. അപായസൂചനകൾ പലയിടത്തും വെച്ചിട്ടുണ്ട്. അത് വെറുതേ വെച്ചതല്ല, മുൻ അനുഭവങ്ങളുടെ പാഠങ്ങളാണെന്ന് തിരിച്ചറിയണം.

      വേറാർക്കും വേണ്ടെങ്കിലും, നമ്മൾക്ക് നമ്മളെ വേണ്ടേ?

NDR News
30 Mar 2024 07:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents