ട്രെയിൻ സർവീസിൽ നിയന്ത്രണം; സാധാരണ യാത്രക്കാർ പെരുവഴിയിൽ
പാസഞ്ചർ ട്രെയിനുകൾക്ക് ഈടാക്കുന്നത് എക്സ്പ്രസ്സിന്റെ നിരക്ക്
കോഴിക്കോട്: വന്ദേ ഭാരത് പോലുള്ള ആഡംബര സർവീസുകൾ ആരംഭിച്ച് ലാഭം വർദ്ധിപ്പിക്കുന്ന റെയിൽവേ സാധാരണക്കാരെ കയ്യൊഴിയുന്നു. സ്ഥിര യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്ന പാസഞ്ചർ സർവീസുകൾ പലതും നിർത്തലാക്കുകയും ചിലത് സമയ ക്രമം മാറ്റുകയും ചെയ്തു. ഇത് ഏറ്റവും കൂടുതൽ ദുരിതം സൃഷ്ടിക്കുന്നത് മലബാറിലെ യാത്രക്കാർക്കാണ്. കോവിഡിന് ശേഷം ലോക്കൽ സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. കോവിഡിന് ശേഷം ട്രെയിനുകൾ ആരംഭിച്ചപ്പോൾ പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ എക്സ്പ്രസ്സുകളാക്കി മാറ്റുകയായിരുന്നു. ഒപ്പം എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ ഈടാക്കുകയും ചെയ്തു. പത്തു രൂപ മിനിമം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 30 ആയി മാറി.
സാധാരണക്കാരന്റെ യാത്ര സൗകര്യം നിഷേധിക്കും വിധമാണ് 06495 തൃശ്ശൂർ കോഴിക്കോട് 0496 കോഴിക്കോട് ഷോർണൂർ വണ്ടികൾ റദ്ദാക്കിയത്. വൈകുന്നേരങ്ങളിൽ ഓടിയിരുന്ന തിരക്കേറിയ 16608 കോയമ്പത്തൂർ കണ്ണൂർ 0645 ഷോർണൂർ കോഴിക്കോട് 16307 ആലപ്പുഴ കണ്ണൂർ വണ്ടികളുടെ സമയക്രമവും മാറ്റി. ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് സ്ഥിരം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരായ യാത്രക്കാരെയാണ്. കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിൽ നിന്നായി ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് പോലും നൂറുകണക്കിനാളുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരൂർ കുറ്റിപ്പുറം പട്ടാമ്പി ഷോർണൂർ പാലക്കാട് എന്നിവിടങ്ങളിലേക്കായി യാത്ര ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിൽ എത്തുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കച്ചവടക്കാരും എല്ലാം സ്ഥിരം യാത്രയ്ക്ക് ട്രെയിൻ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന പാസഞ്ചർ ട്രെയിനുകളായിരുന്നു ഇവരുടെ ആശ്രയം. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ എക്സ് പ്രസ്സുകളാക്കി മാറ്റിയതോടെ പല സ്റ്റേഷനുകളും ഒഴിവാക്കപ്പെട്ടു. ഇതിനു പുറമെയാണ് സർവീസുകൾ നിർത്തലാക്കിയതും സമയക്രമം തെറ്റിച്ചതും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വടക്കോട്ട് ഉച്ചകഴിഞ്ഞാൽ ട്രെയിൻ ലഭിക്കണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകളിൽ നിന്ന് തിരിയാൻ പോലുമില്ലാത്ത വിധം തിരക്കിലാണ് യാത്ര ചെയ്യുന്നത്. നിലവിൽ 72 ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന കമ്പാർട്ട്മെന്റുകളിൽ 400, 500 പേർ യാത്ര ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. ട്രെയിൻ യാത്രാ പ്രശ്നം മലബാർ മേഖലയിൽ സ്ഥിതി വളരെ രൂക്ഷമാക്കിയെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ സി ഇ ചാക്കുണ്ണി പറഞ്ഞു. ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകൾ കുറയ്ക്കുന്നത് സാധാരണ യാത്രക്കാരുടെ പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. യാത്ര പ്രശ്നം പരിഹരിക്കാൻ കൂടുതൽ ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു