വൈദ്യുതി ഉപഭോഗം പാരമ്യത്തിൽ, ജാഗ്രത വേണ്ടത് സർക്കാർ സ്ഥാപനങ്ങളിൽ
സീറ്റിൽ ആളില്ലാത്ത അവസ്ഥയിലുംല്ലെങ്കിലും ഫാനുകൾ കറങ്ങുന്നതും ബൾബുകൾ പ്രകാശിപ്പിക്കുന്നതും നിത്യ കാഴ്ച
മുഖ്യമായും ജല വൈദ്യുതിയെ ആശ്രയിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജലസംഭരണികളിൽ വേണ്ടത്ര മഴ കൂടി ലഭ്യമല്ലാ തായതോടെ വൈദ്യുതി പ്രതിസന്ധി അനുദിനം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. കൂനിന്മേൽ കുരുവെന്ന പോലെ ചൂടിന്റെ ആധിക്യവുമുണ്ട്. വൈദ്യുതി ഉപഭോഗം പാരമ്യത്തിൽ എത്തി നില്ക്കുന്നു. ഉല്പാദനം കുറയുമ്പോൾ ഉപഭോഗം കുറയ്ക്കുവാനുള്ള കർശന നടപടികളാണ് വൈദ്യുതി ബോഡിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.ഗാർഹിക ഉപഭോഗം വർദ്ധിക്കുന്ന അവസരമാണെങ്കിൽ ബില്ലിന്റെ കത്തിയിൽ തലവെച്ചു കൊടുക്കുവാൻ ഉപഭോക്താവ് സ്വയം തയ്യാറാവുകയില്ല.
സർക്കാർ ഓഫീസുകളിലെ ഉപഭോഗം ക്രമീകരിക്കുന്നതിൽ കാര്യങ്ങൾ പന്തിയല്ലെന്ന് പരിശോധിച്ചാൽ വ്യക്തമാകും. സീറ്റിൽ ആളില്ലാത്ത അവസ്ഥയിലും ഫാനുകൾ കറങ്ങുന്നതും ബൾബുകൾ പ്രകാശിപ്പിക്കുന്നതും നിത്യ കാഴ്ചയാണ്. ജീവനക്കാർ ഓഫീസിൽ നിന്ന് പുറത്ത് പോകുമ്പോൾ സ്വിച്ച് ഓഫാക്കുന്നതിൽ കാണിക്കുന്ന ഉദാസീനത കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നു.
സർക്കാർ ഓഫീസുകൾ, സെക്രട്ടറിയേറ്റ്, മന്ത്രി മന്ദിരങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ വസതികൾ ഇവിടങ്ങളിലെ ഉപഭോഗം പരിശോധിച്ചാൽ തന്നെ കടുത്ത നിയന്ത്രണം അനിവാര്യമാണെന്ന് ബോധ്യപ്പെടും. മഴക്കുറവുമൂലമുള്ള വൈദ്യുതി ക്ഷാമം പരിഹരിക്കുവാൻ അധിക വില കൊടുത്തു വാങ്ങുന്ന വൈദ്യുതിയുടെ അമിത ഭാരം മുഴുവൻ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്നതിൽ സാധൂകരണമില്ല. ഓരോ സർക്കാർ ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥ വസതികളിലും ശരാശരി ഉപഭോഗം ക്രമപ്പെടുത്തി അധികം വരുന്ന വൈദ്യുതി ചാർജിന്റെ തുക മേധാവികൾ അടയ്ക്കണമെന്ന തീരുമാനം ബോഡ് സ്വീകരിക്കണം .സ്വന്തം കീശയിൽ നിന്ന് വൈദ്യുതി ചാർജ് കൊടുക്കേണ്ടി വരുന്നതിനാൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിൽ ഉപഭോക്താക്കൾ ശ്രദ്ധാലുക്കളാവും.
സർക്കാരിന്റെ ചെലവിൽ വരുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുവാൻ വൈദ്യുതി ബോഡിന്റെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി ഉപഭോഗം നിയന്ത്രിച്ചാൽ തന്നെ ദശലക്ഷകണക്കിന് യൂനിറ്റ് വൈദ്യുതി ലാഭിക്കുവാൻ കഴിയും. ഈ കാര്യത്തിലാവണം വൈദ്യുതി ബോഡിന്റെ ഇനിയുള്ള ശ്രദ്ധ പതിയേണ്ടത്.
ചീഫ് എഡിറ്റർ