റോഡുവികസനം നടക്കാൻ മരം മുറി മാത്രമല്ല പരിഹാരം .
സംസ്ഥാന പാതയിലെ തണൽ മരങ്ങൾ മുറിക്കുന്നത് നിർത്തി വെക്കണം

റോഡു വികസനത്തിന്റെ പേരിൽ അനിവാര്യമാണെങ്കിൽ മാത്രം തണൽമരങ്ങൾ മുറിച്ചു മാറ്റുന്നത് മനസ്സിലാക്കാമെങ്കിൽ അപേക്ഷ ലഭിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഒട്ടേറെ പേർക്ക് തണലേകുന്ന വൃക്ഷങ്ങൾ നിർദ്ദാക്ഷിണ്യം മുറിച്ചു മാറ്റുന്ന ഉദ്യോഗസ്ഥ മനോഭാവം അടിയന്തരമായും അവസാനിപ്പിക്കണം. പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മരം വെട്ടുകാരുടെ ജോലി ഏറ്റെടുക്കേണ്ടതില്ല. അക്കരയുള്ള പുഴ കടക്കുവാൻ വീട്ടിൽ നിന്ന് വസ്ത്രം പൊക്കി പിടിക്കേണ്ടതില്ല. റോഡുവികസനം നടക്കുമ്പോൾ അനിവാര്യമാണെങ്കിൽ മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ് ചുട്ടുപൊള്ളുന്ന വെയിലിൽ ജനങ്ങൾ എരി പിരികൊള്ളുമ്പോൾ അവധി ദിനത്തിൽ മുറിച്ചുമാറ്റിയത്. അതും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ. മരംമുറിക്കുമ്പോൾ എന്തെങ്കിലും അപകടം സംഭവിച്ചാൽ ആര് ഉത്തരം പറയും.
സംസ്ഥാന പാത ഉള്ള്യേരി _ കുറ്റ്യാടി റോഡിൽ നടുവണ്ണൂർ റജിസ്ട്രാർ ഓഫീസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികേയുള്ള രണ്ടു വൻ തണൽ മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരംമുറിക്കുവാൻ വനം വകുപ്പിന്റെ അനുമതി ഉണ്ടെങ്കിൽ തന്നെ പഞ്ചായത്ത്തലത്തിലുള്ള വൃക്ഷ കമ്മിറ്റി അറിയില്ലെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട്, വില്ലേജ് ഓഫീസർ, സെക്രട്ടറി, അസി.എഞ്ചിനീയർ എന്നിവർ ഉൾപ്പെട്ട വൃക്ഷ കമ്മിറ്റി നിലവിലുള്ളപ്പോഴാണ് രണ്ടു റോഡിലെ വികസനം നടക്കാത്ത സന്ദർഭത്തിൽ മുറിച്ചുമാറ്റിയത്.മരം മുഴുവനായും മുറിച്ചുമാറ്റാതെ അപകടകരമായ ശിഖിരങ്ങൾ വെട്ടി മാറ്റി സംരക്ഷി ക്കേണ്ടതുണ്ട്. ഇവിടെ അതിനു കഴിയുമായിരുന്നിട്ടും നടന്നിട്ടില്ല. വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ മുറിച്ചുമാറ്റുവാൻ ലേലത്തിൽ വെക്കണം. ഗ്രാമ പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ് മറ്റു പൊതു സ്ഥാപനങ്ങളിൽ നോട്ടീസ് പതിക്കണം. ഈ വക കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇത്തരം നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നത്.
എന്നിട്ടും ഇതൊന്നും പാലിക്കാതെ അവധി ദിനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ മരം മുറിച്ച നടപടിയിൽ ദുരൂഹത നില നില്ക്കുന്നതിനാൽ പൊതു മരാമത്ത് വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ജനങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നു.
ചീഫ് എഡിറ്റർ