അങ്കണവാടി പെൻഷൻ: കാലതാമസവും വിവേചനവും ഒഴിവാക്കണം
ഹെൽപ്പറുടെ പെൻഷൻ സാമൂഹ്യ സുരക്ഷാ പെൻഷനിലും താഴെ

കേരള സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണ വാടികളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച് വിരമിച്ചവരുടെ പെൻഷൻ സമയ ബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നു വന്നത് ഗൗരവമായി പരിഗണി ക്കേണ്ടതാണ്. വിരമിച്ചവരിൽ വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷനായി ലഭിച്ചു വരുന്നത്. ഓരോ അങ്കണവാടിയിലേയും ഉത്തരവാദിത്വം പരിശോധിച്ചാൽ തന്നെ വർക്കറുടേയും ഹെൽപ്പറുടേയും അമിത ജോലിഭാരം എടുത്തു പറയേണ്ടതു തന്നെ.
ശിശുക്ഷേമം മുൻനിർത്തിയുള്ള സേവനമായതിനാൽ തന്നെ അമ്മമാരിൽ നിന്നു തുടങ്ങി കുഞ്ഞു ജനിക്കുന്നതു വരെ നിതാന്ത ജാഗ്രതയും തുടരേണ്ട ബാധ്യതയും ഇവരിൽ നിക്ഷിപ്തമാണ്. പിഞ്ചു കുട്ടികളെ പരിചരിക്കുന്നതിനു പുറമേ ഗ്രാമ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ജോലികളും ഇവരുടെ സേവനത്തിന്റെ ഭാഗമായിട്ട് ഏറെ നാളായി. മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ആരോഗ്യ പരിരക്ഷ, പ്രതിരോധ കുത്തിവെപ്പുകൾ, പോഷഹാര ക്കുറവ് പരിഹരിക്കൽ, വിരശല്യ നിർമ്മാർജനം, മരുന്നു വിതരണം മുതലായവയുടെ പട്ടികയുടെ നീളം കുറയുന്നില്ല. പൊതുവേ പറഞ്ഞാൽ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പുവരുത്തിയ സേവന രംഗം' പിഞ്ചുകുഞ്ഞുങ്ങളുടെ മാനസിക ശാരീരിക സാമൂഹ്യ വികസന കാര്യങ്ങൾ മുൻ നിർത്തിയുള്ള ചിട്ടയായ പ്രവർത്തനത്തിന് ഊന്നൽ നൽകുന്ന ത്യാഗസന്ന ന്ധത.
രാവിലെ 9 മണിക്ക് ഹെൽപ്പറുടെ സാന്നിധ്യത്തോടെ ആരംഭിക്കുന്ന ദൗത്യം 9.30 ന് വർക്കറും കുഞ്ഞുങ്ങളും എത്തുന്നതോടെ പൂർണമാകുന്നു. 3.30 ന് അങ്കണവാടി അടയ്ക്കുമെങ്കിലും പിന്നീട് വീടുകൾ സന്ദർശിച്ച് കണക്കെടുപ്പുകൾ അനന്തവും അവസാനിക്കാത്തതുമായ സഞ്ചാരപഥം. അവിടേയും തീരുന്നില്ല കടമ്പകൾ .ഗ്രാമ പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന വിവിധ സർവ്വേകളുടെ ഉത്തരവാദിത്വം. നിന്നു തിരിയുവാൻ ഇടമില്ലാത്ത ഔദ്യോഗിക ജോലി ഭാരം. ആഴ്ചയിൽ ഞാറാഴ്ച മാത്രം ഒഴിവുകൾ അന്യമായ വെക്കേഷൻ ' രണ്ടു കുട്ടികളെ പരിപാലിക്കുവാൻ പോലും ബുദ്ധിമുട്ടുന്ന വർത്തമാന കാലത്ത് 30 കുഞ്ഞുങ്ങളെ വരെ നോക്കുവാനുള്ള സമ്മർദ്ദം പറയേണ്ടതില്ലല്ലൊ.
ഇനി അവരുടെ പെൻഷൻ ആനുകൂല്യങ്ങളിലേക്കു കടക്കുമ്പോഴാണ് വിചിത്രമായ വസ്തുതകൾ പുറത്തു വരുന്നത്. ഓരോ ഏപ്രിൽ 30 നും 62 വയസ്സ് പൂർത്തിയാകുമ്പോൾ വർക്കറും ഹെൽപ്പറും വിരമിക്കണം' വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷൻ. 60 വയസ്സ് പൂർത്തിയാകുകയും ഒരു ലക്ഷം രൂപയിൽ താഴെ വരുമാന മുള്ളവർക്ക് നൽകുന്ന സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയായിരിക്കെ 62 വയസ്സുവരെ ജോലി ചെയ്ത ഹെൽപ്പർക്ക് ലഭിക്കുന്ന പെൻഷൻ 1500 രൂപയാണെന്നത് വിചിത്രവും വിവേചനവുമാണ്.സാമൂഹ്യക്ഷേമ പെൻഷനും അങ്കണവാടി പെൻഷനും ഒന്നിച്ചു പോകേണ്ടതല്ല. രണ്ടും രണ്ടാണ്. അങ്കണവാടി പെൻഷൻ സേവനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നൽകുന്നതാണ്. 2022 ഏപ്രിൽ മാസത്തിൽ പിരിഞ്ഞ അങ്കണവാടി ജീവനക്കാർക്ക് ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ലെന്നതുംഅവരെ വ്യാകുലരാക്കുന്നു. കേന്ദ്രവും സംസ്ഥാനവും ഫണ്ടനുവദിച്ചാണ് അങ്കണവാടിയുടെ പ്രവർത്തനം മുമ്പോട്ടു കൊണ്ടു പോകുന്നത്.ഈ കാര്യത്തിൽ സർക്കാരിന്റെ സത്വര ശ്രദ്ധ പതിയേണ്ടതും താമസം കൂടാതെ പരിഹാരം കാണേണ്ടതുമാണ്.
ഒ.എം.കൃഷ്ണകുമാർ
ചീഫ് എഡിറ്റർ