പെൻഷൻ കാരോടുള്ള അവഗണനയും വിവേചനവും അവസാനിപ്പിക്കണം
കുടിശ്ശിക ബാങ്ക് അക്കൗണ്ടിലിട്ട് പലിശ നൽകണം

2019 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തി സംസ്ഥാന ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവരുടെ ശമ്പളവും പെൻഷനും പരിഷ്ക്കരിച്ച് സംസ്ഥാന സർക്കാർ 2021 ഫിബ്രവരി മാസത്തിൽ ഉത്തരവിറക്കി. കുടിശ്ശിക നാലു ഗഡുക്കളായി 2021 ഏപ്രിൽ ,മെയ് ,ആഗസ്റ്റ്, നവംബർ മാസങ്ങളിൽ നൽകുമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഇതു പ്രകാരം ആദ്യ രണ്ടു മാസങ്ങളിൽ കുടിശ്ശിക തുക പെൻഷൻകാർക്ക് ലഭിക്കുകയും ചെയ്തു.ആഗസ്റ്റ്, നവംബർ മാസങ്ങളിലെ കുടിശ്ശിക ഉത്തരവിറങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും പെൻഷൻകാർക്ക് ലഭിച്ചിട്ടില്ല.എന്നാൽ സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കുടിശ്ശിക അവരുടെ പിഎഫ്ൽ ലയിപ്പിച്ച് പലിശ നൽകുകയും ചെയ്യുന്നു. ഒരു പന്തിയിൽ രണ്ടു തരം വിളമ്പെന്ന രീതിയാണ് അവലംബിച്ചത്.
സംസ്ഥാനത്തെ സർവ്വീസ് പെൻഷൻ കാരുടെ മിനിമം പെൻഷൻ 11500 രൂപയാണ്.പെൻഷനറായതു കൊണ്ടു തന്നെ സർക്കാരിന്റെ യാതൊരു ആനുകൂല്യവും ഇവർക്കു ലഭിക്കില്ല. എക്സ് ഗ്രേഷ്യാ
പെൻഷൻ വാങ്ങുന്ന കുടുംബ പെൻഷൻകാരുടെ സ്ഥിതി ഏറെ ദയനീയമാണ്.4 കൊല്ലം സർക്കാർ സേവനത്തിലുള്ളവർ പെൻഷൻ പറ്റുമ്പോൾ കുടുംബ പെൻഷനായി 1450 രൂപയും 3 വർഷം സേവനത്തിലുള്ളവരുടെ ആശ്രിതർക്ക് കുടുംബപെൻഷൻ 1100 രൂപയാണ് ലഭിക്കുക.
അതേ സമയത്ത് സാമൂഹ്യ സുരക്ഷാ പെൻഷനായി പ്രതിമാസം 1600 രൂപ നൽകി വരുന്നു.പല പെൻഷൻകാരും വന്ദ്യ വയോധികരും സ്ഥിരം രോഗികളുമാണ്. ആശുപത്രിയിൽ കിടത്തി ചികിത്സിച്ചാൽ മാത്രമേ മെഡിസെപ്പ് ആനുകൂല്യം ലഭിക്കുകയുള്ളൂ' മിനിമം പെൻഷൻകാരുടെ തുക മുഴുവൻ മരുന്ന് വാങ്ങുവാൻ ചെലവഴിക്കുന്നവർ ഏറെയാണ്.
സംസ്ഥാനത്തെ ജീവന ക്കാരുടേയും അധ്യാപകമാരുടേയും കാര്യത്തിൽ സ്വീകരിച്ച നടപടി പെൻഷൻകാർക്കും ബാധകമാക്കണം. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക അവരുടെ പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റുകയും സർക്കാർ ഉത്തരവാകുന്ന മുറയ്ക്ക് അവർക്ക് ലഭ്യമാക്കുകയും ചെയ്യാം. മരണപ്പെട്ടവരുടെ കുടിശ്ശിക വിതരണം ചെയ്യുവാനാവശ്യമായ നടപടി സ്വീകരിക്കുകയും വേണം. പെൻഷൻ മാറ്റിവെക്കപ്പെട്ട വേതനമാണെന്ന സുപ്രീം കോടതി ഉത്തരവുള്ളതുകൊണ്ടാണ് പെൻഷൻകാർക്ക് മുടക്കമില്ലാതെ പെൻഷൻ ലഭിച്ചു വരുന്നത്.പെൻഷൻകാരിൽ പലരും മരണപ്പെടുന്നുവെന്ന വസ്തുതയും ഇവിടെ പ്രസക്തമാണ്.
ചീഫ് എഡിറ്റർ