റോഡിലെ മനുഷ്യനിർമ്മിത കുരുതികൾ അവസാനിപ്പിക്കണം.
ഡ്രൈവർമാർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം

എറണാകുളം ജില്ലയിൽ റോഡിൽ ആരംഭിച്ച പ്രവൃത്തി പൂർത്തീകരിക്കാതിടത്തെ കുഴിയിൽ ചാടി ബൈക്കു യാത്രികൻ മരണപ്പെട്ടതോടെ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നതിലെ വീഴ്ച വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തു വന്നു മുന്നറിയിപ്പു ബോഡുകൾ സ്ഥാപിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തേണ്ടതാണ്, ബന്ധപ്പെട്ട ജനപ്രതിനിധികൾ തദ്ദേശ സ്ഥാപനങ്ങളിലേതടക്കം ഈ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ഒരു വകുപ്പിന്റെ വികസന പദ്ധതി ആരംഭിച്ചാൽ മറ്റൊരു വകുപ്പിന്റെ വികസനം ആരംഭിക്കുന്ന നാം ഏറെ കാലമായി അവലംബിച്ചു വരുന്ന രീതിയ്ക്ക് മാറ്റമുണ്ടായേ പറ്റൂ. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ഇതിന്റെ വലിയ ന്യൂനതയാണ്. നമ്മുടെ പ്രവൃത്തികൾ നടത്തേണ്ട ഉദ്യോഗസ്ഥരൊക്കെ കേരളത്തിൽ തന്നെ ജോലി ചെയ്യുന്നവരാണല്ലൊ. പുറത്തു നിന്ന് വിളിച്ചു വരുത്തേണ്ടവരല്ല.
ഓരോ ജില്ലയിലും നടത്തേണ്ട വാർഷിക പ്രവൃത്തികളെ സംബന്ധിച്ച വിവരം ശേഖരിക്കുകയും മുൻകൂട്ടി കലണ്ടർ തയ്യാറാക്കുകയും ചെയ്താൽ ഒരു പരിധി വരെ അപകടങ്ങളൂം സർക്കാരിൽ നിന്ന് വിവിധ വകുപ്പുകൾക്കനുവദിക്കുന്ന ഫണ്ട് നഷ്ടവും ഗണ്യമായി ഒഴിവാക്കുവാൻ കഴിയുന്നതാണ്. എല്ലാം വിരൽതുമ്പിൽ നിയന്ത്രിക്കുന്ന ആധുനിക കാലത്തു പോലും നമ്മൾ തുടർന്നു വരുന്ന പഴഞ്ചൻ രീതികൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. കോഴിക്കോടു ജില്ലയിൽ പന്തീരാങ്കാവിൽ കഴിഞ്ഞ മാസവസാനം ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി സ്ഥലത്ത് സുരക്ഷാ മുന്നറിയിപ്പില്ലാതെ സ്ഥാപിച്ച കമ്പി തട്ടി പരിക്കു പറ്റിയ ഗർഭിണിയായ സ്ത്രീയ്ക്ക് ചികിത്സയെ തുടർന്ന് ഗർഭമലസിപ്പോയ സംഭവം വരെ റിപ്പോർട്ടു ചെയ്യുകയുണ്ടായി.
അപകടം നടന്നതിനു ശേഷം കരാറുകാരന്റേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റേയും പേരിൽ കേസെടുത്താൽ മരിച്ചവർ തിരിച്ചു വരില്ലല്ലൊ. എല്ലാ വകുപ്പുകളും ഏകോപനത്തോടെ ജാഗ്രത പാലിച്ചേ പറ്റൂ. ഇനിയെങ്കിലും അശ്രദ്ധമൂലമുള്ള മനുഷ്യ ക്കുരുതികൾ റോഡിൽ ഇല്ലാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവരിലും നിക്ഷിപ്തമാണ്.