headerlogo
views

പ്ലസ് വൺ പ്രവേശന പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം വേണം.

ടി.സി.നൽകുവാൻ പ്രിൻസിപ്പാൾമാർക്ക് അധികാരം നൽകണം

 പ്ലസ് വൺ പ്രവേശന പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം വേണം.
avatar image

O.M. Krishna Kumar

31 Oct 2022 05:38 AM

പ്ലസ് വൺ പ്രവേശനം പൂർത്തി യായെങ്കിലും ഒഴിവുണ്ടായിട്ടും ഇഷ്ട വിഷയം ലഭിക്കാതെ കൊഴിഞ്ഞു പോക്കിന്റെ അവസ്ഥയാണുള്ളത്. പ്രവേശനം ലഭിച്ച സ്കൂളിൽ തന്നെ ഒഴിവുണ്ടായിട്ടും മറ്റു വിഷയത്തിലേക്ക് മാറുവാനും ഒഴിവുള്ള മറ്റു സ്കൂളിലേക്ക് ട്രാൻസ്ഫർ ലഭിക്കാതെ ഉന്നത പഠനം സാധ്യമാകാതെയുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ഹൈസ്കൂൾ വരേയുള്ള പഠനത്തിൽ ഒരു വിദ്യാർത്ഥിയക്ക് ഏതു സ്കൂളിലേക്കും ഏതു സമയത്തും ടി.സി. വാങ്ങി പഠനം തുടരുവാൻ കഴിയുന്ന സാഹചര്യത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ സ്കൂൾ മാറ്റവും വിഷയമാറ്റവും പ്രയാസകരമായി തുടരുകയാണ്.ഇത് ഏറെ കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനം കൂടിയാണ്.

         ഒരു വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് അതേ വിദ്യാലയത്തിൽ ഒഴിവുള്ള വിഷയ ഗ്രൂപ്പിലേക്ക് മാറണമെങ്കിൽ പോലും കടമ്പകൾ ഏറെ കടക്കേണ്ടതുണ്ട്. പ്രിൻസിപ്പാളിന്റെ സീറ്റ് ലഭ്യതയുടെ റിപ്പോർട്ടും രക്ഷിതാവിന്റെ അപേക്ഷയും സഹിതം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ചു കൊടുത്താലൊന്നും പ്രശ്നപരിഹാരം എളുപ്പമല്ല. സർക്കാർ-എയ്ഡഡ് വ്യത്യാസമില്ലാതെ ഈ ആധുനിക സാങ്കേതിക സംവിധാനം ഔദ്യോഗിക പ്രഭുത്വത്തിനു മുമ്പിൽ മുട്ടു മടക്കുന്നു.

      പ്രിൻസിപ്പാൾമാരെ വിശ്വാസത്തി ലെടുക്കുകയും അവർ അയക്കുന്ന അപേക്ഷകളിലുള്ള പൂർണ ബാധ്യതയും ഉത്തരവാദിത്വവും അവരിൽ തന്നെ നിശ്ചയിച്ച് രക്ഷിതാക്കളുടെ അപേക്ഷയിൽ ഒരു ദിവസത്തിനുള്ളിൽ തന്നെ തീരുമാന മെടുക്കുവാൻ കഴിയണം.നിമിഷ നേരത്തിൽ കാര്യങ്ങൾ നടത്തുവാൻ കഴിയുന്ന സാങ്കേതിക സാഹചര്യത്തിലും സ്കൂൾ പ്രിൻസിപ്പാൾമാരെ നോക്കുകുത്തിയാക്കുന്ന നിലവിലെ സമ്പ്രദായം മാറ്റിയേ തീരൂ. 

       വിരലൊന്നമർത്തിയാൽ നടക്കുന്ന ഔദ്യോഗിക പ്രക്രിയയെ അനാഥമാക്കുന്നതിലൂടെ ഒഴിവുണ്ടായിട്ടും ഇഷ്ട വിഷയത്തിലേക്കും വീട്ടിനടുത്തുള്ള സ്കൂളിലേക്കും മാറുവാനുള്ള ഒരു വിദ്യാർത്ഥിയുടെ ആഗ്രഹത്തെ സാങ്കേതികക്കുരുക്കുന്നയിച്ച് തല്ലികെടുത്തരുത്. ബന്ധപ്പെട്ടവർ ഇനിയെങ്കിലും കണ്ണുതുറക്കണം.നിയമ തടസ്സങ്ങളുണ്ടെങ്കിൽ പൊളിച്ചെഴുതണം, വിദ്യാർത്ഥികൾ അവർക്കിഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കട്ടെ. വിശേഷാൽ ഉത്തരവിലൂടെ കൂടുതൽ സീറ്റനുവദിച്ച് പ്രവേശനം നൽകണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നൽകുവാനുള്ള ലളിതമായതും സാമാന്യ നീതിയ്ക്ക് നിരക്കുന്നതുമായ തീരുമാനം ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു.

 

     ചീഫ് എഡിറ്റർ

O.M. Krishna Kumar
31 Oct 2022 05:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents