ഫണ്ട് തിരിമറി; ഓഡിറ്റ് റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കണം
തദ്ദേശ സ്ഥാപന ഭരണ സമിതികൾ ജാഗ്രത പുലർത്തണം

കേരള പഞ്ചായത്ത് രാജ്-നഗരപാലിക നിയമം മൂലം കരുത്താർജ്ജിച്ച ഭരണ സമിതികളാണ് ഗ്രാമ പഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരേയും കോർപ്പറേഷൻ, മുൻസിപ്പാലിറ്റി സ്ഥാപനങ്ങളുടേയും ഭരണം കയ്യാളുന്നത്.ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർ തിരിവില്ലാതെ ഭരണം നടത്തുന്ന ഭരണ സമിതികളാണ് നില വിലുള്ളതെങ്കിലും രാഷ്ട്രീയ പോരാട്ടങ്ങളിൽ അടി തെറ്റുന്ന അനുഭവങ്ങളും കേരളത്തിൽ വിരളമല്ല.കൃത്യമായ നിയമത്തിന്റെ ചട്ടക്കൂട്ടിലൂടെ ഭരണ സംവിധാനം തുടരുമ്പോഴും ആക്ഷേപങ്ങൾക്ക് കുറവില്ല.
ഭരണ സമിതിയുടെ ഭാഗമായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതികളും പ്രവർത്തിക്കുന്നു. ഈ സ്ഥിരം സമിതികളിൽ കക്ഷി ഭേദമെന്യേ തെരഞ്ഞെടുക്കപ്പെട്ടവർ ചെയർ പേഴ്സൺമാരും അംഗങ്ങളുമാണ്. ഭരണ സമിതിയുടെ പ്രതിമാസ യോഗത്തിനു മുമ്പേ സ്ഥിരം സമിതികളുടെ യോഗം ചേർന്ന് തീരുമാനമെടുക്കുന്നു. അടുത്ത ഭരണ സമിതിയിൽ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നു.
വരവ് - ചെലവ് കണക്കുകൾ ധനകാര്യ സമിതിയിലാണ് അവതരിപ്പിക്കുന്നത്. ഭരണകക്ഷിയെന്നോ പ്രതിപക്ഷ കക്ഷിയെന്ന വ്യത്യാസ മില്ലാതെയുള്ള ധനകാര്യ സമിതിയ്ക്കു മുമ്പാകെ വരുന്ന ഫണ്ടു വിനിയോഗത്തിന്റെ കാര്യത്തിൽ വേണ്ടത്ര പരിശോധനയോ ചർച്ചയോ നടക്കുന്നില്ലെന്നതാണ് ചില തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തു വരുന്നത്.
സ്ഥിരം സമിതിയുടേയും ഭരണ സമിതിയുടേയും അനുമതിയില്ലാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകളിൽ ഭരണ സമിതികളാണ് പ്രതിക്കൂട്ടിൽ നില്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനം മുഴുവൻ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വിട്ടുകൊടുക്കുന്നതിലൂടെ നടക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പൊതു ജനങ്ങളിൽ നിന്ന് നികുതി പണം പിരിച്ചെടുത്ത് ഭരണം നടത്തുന്ന നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും ധന വിനിയോഗത്തിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതു ണ്ടെന്നാണ് വർത്തമാനകാല സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
പല തദ്ദേശ സ്ഥാപനങ്ങളും രാവിലെ 11 മണിക്ക് യോഗം ചേർന്ന് 1 മണിക്ക് അവസാനിപ്പിക്കുമ്പോൾ അജണ്ടകളിൽ ആഴത്തിലുള്ള ചർച്ചകളോ പരിശോധനകളോ നടത്തുവാൻ കഴിഞ്ഞെന്നു വരില്ല.ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിച്ചാൽ മാത്രമേ ജനപ്രതിനിധികൾ നേരിട്ടു ഭരണം കയ്യാളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനങ്ങൾ തെരഞ്ഞെടുത്ത് ഏല്പിച്ച ഉത്തരവാദിത്വം നീതിപൂർവം നിർവ്വഹിക്കുവാൻ കഴിയുകയുള്ളൂ.
ചീഫ് എഡിറ്റർ