തെരുവ് നായ ആക്രമണം; നഷ്ട പരിഹാരം ഗ്രാമ പഞ്ചായത്തുകൾ നൽകണം
ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി സിറ്റിംഗ് എല്ലാ ജില്ലകളിലും ഉണ്ടാവണം

തെരുവ് നായ ആക്രമണവും പേപ്പട്ടി ശല്യവും ഒരു കാലത്തുമില്ലാത്ത രീതിയിൽ കേരളത്തെ കീഴടക്കിയപ്പോൾ ആശ്വാസ നടപടികളുമായി സർക്കാരും തദ്ദേശ വകുപ്പും മുമ്പോട്ടു വന്നത് ആശ്വാസകരം തന്നെ. തെരുവ്നായയുടെ കടിയേൽക്കുന്ന മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും അടിയന്തര ചികിത്സയും ചികിത്സയ്ക്ക് വേണ്ടി വരുന്ന ചെലവും അനുവദിക്കുവാൻ കൂടി ഗ്രാമപഞ്ചായത്തുതലത്തിൽ സംവിധാനം വേണം.
വളർത്തു പട്ടികൾക്കും പൂച്ചകൾക്കും സമയബന്ധിതമായ പ്രതിരോധ കുത്തി വെപ്പ് നിർബ്ബന്ധമാക്കുകയും പരിശോധനാ സംവിധാനം കാര്യക്ഷമമാക്കുകയും വേണം. ചികിത്സാ ധനസഹായം എളുപ്പത്തിൽ ലഭ്യമാക്കുവാനുള്ള ലളിതമായ സംവിധാനം ഗ്രാമപഞ്ചായത്ത് തന്നെ ഉറപ്പുവരുത്തണം. തെരുവ് നായ കടിച്ചാൽ പേയുണ്ടെങ്കിലും ഇല്ലെങ്കിലും മുറിവിൽ കുത്തിവെപ്പ് എടുക്കണമെങ്കിൽ ജില്ലാ ആശുപത്രികളേയാണ് സമീപിക്കേണ്ടത്.
കടിയേറ്റാൽ താമസം വിനാ എത്തിച്ചേർന്ന് കുത്തി വെപ്പെടുക്കേണ്ടതിനാൽ പ്രത്യേക വിഭാഗം വിളിക്കേണ്ടതുണ്ട്. 3 തവണയെങ്കിലും പോകേണ്ടതിനാൽ വലിയ തുക വാഹന ചാർജിനത്തിൽ ചെലവ് വരും. ഇത് സാധാരണക്കാരന് താങ്ങുവാൻ കഴിയില്ല. കടിയേൽക്കുന്നവരിൽ മഹാഭൂരി ഭാഗവും സാധാരണക്കാർ ആയതിനാൽ അവർക്ക് സ്വന്തമായി വാഹന മില്ലാത്തതും പ്രയാസം വർദ്ധിപ്പിക്കുന്നു
നിലവിലെ നിയമപ്രകാരം പട്ടിയുടെ കടിയേറ്റാൽ സമീപിക്കേണ്ടത് കൊച്ചിയിലുള്ള ജസ്റ്റീസ്, സിരിജഗൻ കമ്മിറ്റി മുമ്പാകെയാണ് .വിചാരണ നടത്തുന്നതും അവിടെ മാത്രമായതിനാൽ പലരും പരാതിപ്പെടാതെ ഒഴിവാക്കുന്ന അനുഭവവും നമ്മുടെ മുമ്പിലുണ്ട്. സംസ്ഥാനത്തിന്റെ തെക്കും വടക്കും ജില്ലകളിലുള്ളവർക്ക് ചികിത്സാ ചെലവിനേക്കാൾ യാത്ര ചെലവും വാഹന ചെലവും വരുന്നതിനാൽ തന്നെ പലരും പരാതിപ്പെടുന്നില്ല. നഷ്ട പരിഹാരം കൊടുക്കുവാൻ ഉത്തരവിട്ട കേസുകളിൽ 3 വർഷമായിട്ടും നടപടി സ്വീകരിക്കാത്തതും ഈ രംഗത്തുള്ള വലിയ വീഴ്ചയാണ്. നഷ്ടപരിഹാരം കൊടുക്കുവാനുള്ള അധികാരം ഗ്രാമ പഞ്ചായത്തിന് നൽകുക എന്നതാണ് ഇതിനുള്ള പരിഹാരം.
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി രൂപീകൃതമായത്. കൊച്ചിയിൽ മാത്രം സിറ്റിംഗുള്ള സംവിധാനം ശേഷിക്കുന്ന 13 ജില്ലകളിൽ കൂടി നടപ്പിൽ വരുത്തുവാനാവശ്യമായ അടിയന്തര നടപടികൾ കൂടി സ്വീകരിക്കുവാൻ സർക്കാരിനോട ഭ്യർത്ഥിക്കുന്നു.
ചീഫ് എഡിറ്റർ