headerlogo
views

ഭയപ്പെടാതെ പുറത്തിറങ്ങാൻ വയ്യ; തെരുവുനായ ശല്യം രൂക്ഷം

പേവിഷബാധയേറ്റാൽ പിന്നീട് മോചനം ലഭിക്കില്ലയെന്നതും ജനങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നു

 ഭയപ്പെടാതെ പുറത്തിറങ്ങാൻ വയ്യ; തെരുവുനായ ശല്യം രൂക്ഷം
avatar image

അരുണിമ പേരാമ്പ്ര

26 Aug 2022 09:56 PM

നടുവണ്ണൂർ: അടുത്തകാലത്തായി ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. ഭയത്തിന് കാരണം മറ്റൊന്നുമല്ല. തെരുവുനായകളുടെ ആക്രമണം തന്നെയാണ്. തെരുവാകെ നായകൾ വിഹരിക്കുകയാണ്. ഇവയ്ക്ക് നടുവണ്ണൂരെന്നോ പേരാമ്പ്രയെന്നോ മേപ്പയൂരെന്നോ വ്യത്യാസമില്ല. മറ്റേതൊരു രോഗത്തേക്കാളും ഭീകരമാണ് പേവിഷബാധ. പേവിഷബാധയേറ്റാൽ പിന്നീട് മോചനം ലഭിക്കില്ലയെന്നതും അതിവേഗം മറ്റുള്ളവരിലേക്ക് പകരുമെന്നതും ഭയം വർദ്ധിപ്പിക്കുന്നു. തെരുവുനായകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മാത്രമല്ല ഇവയുടെ കായിക ശേഷിയിലെ പുരോഗതിയും അവയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടുകയെന്ന പ്രയാസത്തിന് ആക്കം കൂട്ടുന്നു. 

       ഇവ കാരണം ഏറെ ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്‌. പയ്യോളിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. നിരന്തരമുണ്ടാകുന്ന അപകടങ്ങളിൽ മരണം സംഭവിക്കുമ്പോൾ മാത്രമേ അവ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഗുരുതര പരിക്കുകൾ സംഭവിക്കുന്ന അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

       പണ്ടുകാലങ്ങളിൽ പേവിഷബാധ ശ്രദ്ധയിൽ പെട്ടാൽ നായകളെ ഉടൻ കൊല്ലുമായിരുന്നു. എന്നാൽ നിയമത്തിൻ്റെ കുരുക്ക് ഭയന്ന് ആക്രമകാരിയായ ഒരു നായയേ പോലും പേവിഷബാധയുണ്ടെന്ന് ഉറപ്പു വരാതെ അവയെ കൈകാര്യം ചെയ്യാൻ ആരും മുതിരുന്നില്ല. ഇതും അവയുടെ എണ്ണം പെരുകുന്നതിനും ആക്രമവാസന വർദ്ധിക്കുന്നതിനും കാരണമാകുന്നു. പണ്ടുകാലത്ത് വീടുകളിൽ വളർത്തിയ നായകളാണ് പിന്നീട് അലഞ്ഞു നടന്നതെങ്കിൽ ഇന്ന് തെരുവിൽ തന്നെ ജനിച്ച് വളർന്നവയായതിനാൽ അവയ്ക്ക് മനുഷ്യരോട് കൂറോ ഭയമോ ഇല്ല.

       സ്കൂൾ വിദ്യാർത്ഥികളും രാത്രിയാത്രക്കാരും ഇവയെ ഭയന്നാണ് യാത്ര ചെയ്യുന്നത്. നിർത്തിയിട്ട വാഹനങ്ങൾക്കടിയിൽ കിടക്കുന്ന നായകൾ, ആളുകൾ അടുത്തെത്തുന്നതോടെ ആക്രമിക്കുന്ന സംഭവങ്ങളും കുറവല്ല. ഈയടുത്ത കാലത്ത് പേവിഷ ബാധയേറ്റ് കൂത്താളിയിലെ സ്ത്രീ ഉൾപ്പെടെ മരിക്കാനിടയായതും ജനങ്ങളിലെ ഭീതി വർദ്ധിപ്പിച്ചു. പ്രതിരോധ വാക്സിൻ ഫലപ്രദമല്ലെന്നും കോവിഡ് വാക്സിൻ സ്വീകരിച്ചത് മറ്റ് വാക്സിനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നുമുള്ള ആശങ്കകൾ സാധാരണക്കാരിൽ വളരാനും ഇത് കാരണമാവുന്നു. 

       മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും മാർക്കറ്റ് പ്രദേശത്ത് മാലിന്യം യഥാവിധി സംസ്കരിക്കാത്തതും പ്രശ്‌നത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. യഥേഷ്ടം ലഭിക്കുന്ന ഭക്ഷണം തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ സഹായമാകും. സൽക്കാരങ്ങളുടെയും ഹോട്ടലുകളിലെയും മാലിന്യം വഴിയരികിലും തോടുകളിലും നിക്ഷേപിക്കുന്നതും മാലിന്യ പ്രശ്നത്തിന് കാരണമാകുന്നു. സിസിടിവികളിലൂടെ ഇത്തരക്കാരെ കണ്ടെത്താനോ ഈ പ്രവണത തടയാനോ ഇതേവരെ സാധിച്ചിട്ടില്ല. ഇവയ്ക്ക് പിഴ ഈടാക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കും.

       തെരുവുനായകൾക്കായി ഒരു സംരക്ഷണ കേന്ദ്രം ഒരുക്കി അലഞ്ഞുതിരിയുന്ന നായകളെ അവിടെ എത്തിക്കാനും സംരക്ഷിക്കാനും സാധിച്ചാൽ പ്രശ്നത്തിൻ്റെ തീവ്രത കുറയ്ക്കാൻ സഹായകമായേക്കും. ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിച്ച് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത് ഒരേസമയം മാലിന്യ പ്രശ്നത്തിനും തെരുവുനായ പ്രശ്നത്തിനും പരിഹാരമായേക്കും. ഇത്തരം ഷെൽട്ടറുകൾക്കെതിരെ പൊതുജനങ്ങളുടെ ഇടയിൽ നിന്നും വൻ പ്രതിഷേധം ഉയരുമെന്നതും മുൻകൂട്ടി കാണേണ്ടതാണ്. 

       തെരുവുനായകളുടെ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇതേവരെ സ്വീകരിച്ച നടപടികൾ ഫലം കണ്ടില്ലെന്നതിന് തെളിവാണ് ഇവയുടെ എണ്ണം പെരുകിയതും ആക്രമണങ്ങൾ വർധിച്ചതും. പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ ഭരണ തലത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. ഈ തീരുമാനങ്ങൾ പരമാവധി ഫലപ്രദമാക്കുന്നതിനായി വിദഗ്ധരിൽ നിന്നും സോഷ്യൽ മീഡിയ വഴിയോ സർവ്വ കക്ഷി യോഗങ്ങൾ മുഖേനയോ മറ്റേതെങ്കിലും തരത്തിലോ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതും ഉചിതമാവും. സർക്കാർ പലപ്പോഴായി മാറ്റിവെക്കുന്ന ഫണ്ട് ഗൗരവമായി ഉപയോഗിക്കാത്തതിൻ്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന തെരുവുനായ പ്രശ്നം. കോവിഡ് മഹാമാരിയെയും വെള്ളപ്പൊക്കത്തെയും ഒറ്റക്കെട്ടായി നേരിട്ട സമൂഹം ഈ പ്രതിസന്ധിയും മറികടക്കുമെന്നതിൽ സംശയമില്ല.

അരുണിമ പേരാമ്പ്ര
26 Aug 2022 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents