headerlogo
views

പേവിഷ വാക്സിൻ കേന്ദ്ര ലാബിൽ പരിശോധിക്കണം

ആരോഗ്യ-മൃഗസംരക്ഷണ - തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത ഇടപെടൽ അനിവാര്യം

 പേവിഷ വാക്സിൻ കേന്ദ്ര ലാബിൽ പരിശോധിക്കണം
avatar image

O.M. Krishna Kumar

23 Aug 2022 07:20 AM

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് തെരുവു പട്ടികളുടേയും പേപ്പട്ടികളുടേയും കടിയേറ്റ് ഒട്ടനവധി പേർ പ്രതിരോധ കുത്തിവെപ്പെടുക്കുവാൻ സർക്കാർ ആശുപത്രികളെ ദിനംപ്രതി സമീപിച്ചു കൊണ്ടിരിക്കുകയാണ്. മരുന്നിന്റെ ലഭ്യതയും ഗുണനിലവാരവും ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും പരിധിയിൽ നിക്ഷിപ്തമാണ്. മരുന്നു ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ തന്നേയാണ് കേന്ദ്ര ലാബിന്റെ പരിശോധനയില്ലാതെ മരുന്ന് മറ്റു സംസ്ഥാനത്തിനു നിന്ന് ഇറക്കുമതി ചെയ്യുവാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന് സർക്കാർ അനുമതി നൽകിയത്.               മരുന്നു ഉല്പാപ്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനി തന്നെ മരുന്നിന്റെ ഗുണനിലവാരം സ്വയം സാക്ഷ്യപ്പെടുത്തി ഇറക്കുമതി ചെയ്യേണ്ട വിഷയമല്ലിത്. തെരുവ് പട്ടികളെ നിയന്ത്രിക്കുവാനുള്ള കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാത്ത കാലത്തോളം നിലവിലുള്ള ഭീഷണി തുടരുമെന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ തന്നെ മരുന്നിന്റെ സൂക്ഷിപ്പും വിതരണവും കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള സംവിധാനവും ഓരോ ആശുപത്രിയിലും ഒരുക്കേണ്ടതാണ്. മരുന്നിനാവശ്യമായ നിശ്ചിത തോതിലുള്ള അന്തരീക്ഷോഷ്മാവ് നിലനിർത്തുവാൻ പര്യാപ്തമാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

        കുത്തിവെപ്പെടുത്തിട്ടും 18 കാരി മരിക്കാനിടയായ സംഭവം അടുത്ത നാളുകളിലാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ തന്നെ ഒരു ലക്ഷത്തിലധികം പേർക്കാണ് വർഷം തോറും തെരുവുപട്ടികളുടെ കടിയേൽക്കുന്നത്. കൂടാതെ അര ലക്ഷത്തോളം പേർ മരണപ്പെടുന്നതും പേ വിഷബാധ മൂലമുള്ള ദുരന്തത്തിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു. കുത്തിവെപ്പ് എടുത്തിട്ടും മരണപ്പെടുന്നതാകട്ടെ സാധാരണ ജനങ്ങളിൽ ഏറെ ഭീതിയുളവാക്കുകയാണ്.

          തെരുവ് പട്ടികളെ കൊല്ലുവാൻ തടസ്സം നില്ക്കുന്നതിന്റെ പിന്നിൽ ശക്തമായ മരുന്നു ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മെഡിക്കൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.  ആരോഗ്യ-മൃഗസംരക്ഷണ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി കൂടിയാലോചിച്ച് ഫലപ്രദമായ നടപടികൾ ആസൂത്രണം ചെയ്ത് അടിയന്തരമായി നടപ്പിലാക്കണം. കൂടാതെ ഗ്രാമ പഞ്ചായത്തുകളിൽ അലഞ്ഞു തിരിയുന്ന തെരുവ് പട്ടികൾക്ക് മുഴുവൻ പ്രതിരോധ കുത്തിവെപ്പെടുത്താൽ മാത്രമേ പേവിഷബാധയിൽ നിന്ന് ജനങ്ങളെ മോചിതരാക്കുവാൻ കഴിയു കയുള്ളൂ. കേന്ദ്ര ലാബിന്റെ പരിശോധനയ്ക്ക് ശേഷമേ പേവിഷ മരുന്നു വാങ്ങുവാൻ അനുമതി നൽകാവൂ എന്ന കാര്യം നിർബന്ധമായും നടപ്പിൽ വരണം

 

ചീഫ് എഡിറ്റർ

O.M. Krishna Kumar
23 Aug 2022 07:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents