കരുവണ്ണൂർ മിനി സ്റ്റേഡിയം നവീകരണം പൂർത്തിയാകുന്നു
നവീകരിച്ച സ്റ്റേഡിയം മാർച്ച് 22ന് നാടിന് സമർപ്പിക്കും

നടുവണ്ണൂർ: എൺപതുകളിൽ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് സർക്കാർ ഫണ്ടുപയോഗിച്ച് സംസ്ഥാന പാതയോരത്ത് കരുവണ്ണൂരിൽ നിർമ്മിച്ചതാണ് മിനി സ്റ്റേഡിയം. പിന്നീട് ഘട്ടം ഘട്ടമായി ചുറ്റുമതിലും കമ്പിവേലിയും സ്ഥാപിച്ചു സുരക്ഷിതമാക്കി. നാട്ടിലെയും പരിസരത്തെയും കായിക താരങ്ങളുടെ പരിശീലന കേന്ദ്രമായിരുന്നു സ്റ്റേഡിയം. പ്രത്യേകിച്ച് വോളിബോളിൽ നിരവധി താരങ്ങളെ വളർത്തിയെടുക്കുകയും അവരിൽ പലരും ജോലി നേടുകയും ചെയ്തു.
സ്റ്റേഡിയത്തിൽ തുടക്കം മുതൽ കാർമ കരുവണ്ണൂരിൻ്റെ നേതൃത്വത്തിൽ വോളിബോൾ ടൂർണമെൻ്റുകൾ പതിവായിരുന്നു. അതേപോലെ അമ്പെയ്ത്ത് മത്സരങ്ങളും. സംഘാടകരും കളിക്കാരും ജോലി കിട്ടി പോയതിനാൽ ഇവ തുടരാനായില്ല. പിന്നീട് കരുവണ്ണൂർ ജി.യു.പി. സ്കൂൾ സ്റ്റേഡിയത്തിന് സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങിയതിനാൽ കുട്ടികൾക്ക് ഇവിടം കളിസ്ഥലമായി ഉപയോഗിക്കാനായി. സ്കൂൾ മേളകൾ പതിവായി. അതോടൊപ്പം വോളീബോൾ, ഫുട്ബോൾ പരിശീലനങ്ങളും തുടരുന്നു. ഏതാനും വർഷങ്ങളായി കരുവണ്ണൂരിൽ രൂപീകൃതമായ ആർട്ട് ഗാലറി സ്കൂൾ കുട്ടികൾക്ക് ഫുട്ബോളിൽ പരിശീലനവും ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു. കൂടാതെ ഗ്രാമപഞ്ചായത്തിൻ്റെ പരിശീലനങ്ങളും ക്യാമ്പുകളും വിവിധ ഇനങ്ങളിലായി നടന്നു വരുന്നു.
സമീപകാലത്തായി സ്റ്റേഡിയത്തിൻ്റെ ചുറ്റുമതിൽ തകർന്ന് സ്റ്റേഡിയം ശോചനീയാവസ്ഥയിലായിരുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനാൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മണ്ണിട്ട് കളിക്കാൻ പാകത്തിലാക്കുകയുണ്ടായി. അതോടൊപ്പം വെള്ളം ഒഴുക്കി വിടാൻ ഡ്രെയിനേജും നിർമ്മിച്ചു. ഈ വർഷം ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്റ്റേഡിയത്തിൻ്റെ കിഴക്കുഭാഗം ഗാലറി നിർമ്മിക്കുകയും ചുറ്റുമതിൽ കേടുപാടുകൾ തീർക്കുകയും ചെയ്തു. സ്റ്റേഡിയം തുടർന്നും സംരക്ഷിക്കുന്നതിന് വെളിച്ച സംവിധാനം ഒരുക്കാൻ ഗ്രാമപഞ്ചായത്തും എം.എൽ.എയും സംയുക്തമായി തുക വകയിരുത്തുമെന്ന് വാർഡ് മെമ്പർ സി.കെ. സോമൻ അറിയിച്ചിട്ടുണ്ട്.
നവീകരിച്ച സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ മുഖ്യാതിഥിയായിരിക്കും. പരിപാടി വൻ വിജയമാക്കാൻ സ്വാഗത സംഘം രൂപീകരിച്ചതായി സി.കെ. സോമൻ, മുകുന്ദൻ കരുവണ്ണൂർ എന്നിവർ അറിയിച്ചു.