എ കെ ജി ഫുട്ബോൾ മേളയുടെ ഭാഗമായി U 17 ടൂർണമെൻ്റുകൾക്ക് തുടക്കമായി
ബാലുശേരി എം.എൽ.എ കെ.എം.സച്ചിൻ ദേവ് മേള ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി :കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 43-ാംമത് എകെജി ഫുട്ബോൾ മേളയുടെ ഭാഗമായി U 17 ടൂർണമെൻ്റുകൾക്ക് തുടക്കമായി. പി.വി. ജയചന്ദ്രൻ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രൻ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള ടൂർണമെൻ്റിൽ ജില്ലയിലെ 17 വയസ്സിന് താഴെ പ്രായമുള്ളവരുടെ വിഭാഗത്തിൽ നിന്നും 8 ടീമുകളാണ് പങ്കെടുക്കുന്നത്.
ബാലുശേരി എം.എൽ.എ കെ.എം.സച്ചിൻ ദേവ് മേള ഉദ്ഘാടനം ചെയ്തു. എൽ.ജി.ലിജീഷ്, ടി.വി.ദാമോദരൻ, പി.കെ.ഭരതൻ എന്നിവർ സംസാരിച്ചു.
ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ബേസ് കൊയിലാണ്ടി, ഇകെഎഎം ഓമശ്ശേരി, സെവൻ സ്പോർട്സ് കുന്നമംഗലം, എസ്എകെ കല്ലായി എന്നീ ടീമുകൾ വിജയിച്ചു. ജനുവരി 21, 23 തിയ്യതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ജനുവരി 25 ന് ഫൈനൽ മത്സരവും നടക്കും.
ജനുവരി 12ന് ആരംഭിച്ച എ.കെ.ജി ഫുട്ബോൾ മേള ജനുവരി 26നാണ് അവസാനിക്കുന്നത്. ഈ വർഷം പ്രധാന ടൂർണമെൻ്റിന് പുറമെ U17 ടൂർണമെൻ്റും പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെൻ്റും സംഘടിപ്പിക്കുന്നു. ആകെ 32 ടീമുകളാണ് ഈ വർഷം മേളയിൽ പങ്കെടുക്കുന്നത്. ദിവസവും മത്സരങ്ങൾ കാണാൻ നിരവധി പേരാണ് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തുന്നത്.