ലോകകപ്പ് വേദിയിൽ നിന്ന് വിട പറയുകയാണെന്ന് ലെയണൽ മെസി
ലോകകപ്പ് എന്ന ലക്ഷ്യം പൂർത്തികരിക്കാൻ പരമാവധി പരിശ്രമിക്കും
ദോഹ: ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന സൂചന നൽകി അർജന്റീന സൂപ്പർ താരം ലയണൽ മെസി. ഞായറാഴ്ച നടക്കുന്ന ഫൈനൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് മെസി പറഞ്ഞത്. ഫൈനൽ മത്സരത്തോടെ ലോകകപ്പ് കരിയർ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അർജന്റീനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.
അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. ഇനിയും എനിക്ക് ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. റെക്കോർഡുകളല്ല ടീമിന്റെ ലക്ഷ്യം നേടുന്നതിനാണ് താൻ പ്രധാന്യം നൽകുന്നത്. ഒരു ചുവട് മാത്രം അകലെയാണ് ഞങ്ങൾ. ലോകകപ്പ് എന്ന ലക്ഷ്യം പൂർത്തികരിക്കാൻ പരമാവധി പരിശ്രമിക്കുമെന്നും മെസി പറഞ്ഞു.
സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും തങ്ങൾക്ക് ഫൈനലായിരുന്നുവെന്ന് ലയണൽ മെസി പറഞ്ഞിരുന്നു. ആദ്യമത്സര ഫലം കനത്ത തിരിച്ചടിയായിരുന്നു. 36 മത്സരങ്ങൾ തോൽക്കാതെയാണ് സൗദിക്കെതിരെ അർജന്റീന ഇറങ്ങിയത്. സൗദി അറേബ്യ ക്കെതിരെ തോൽക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മെസി വ്യക്തമാക്കി. പിന്നീട് ഓരോ മത്സരവും ഞങ്ങൾക്ക് ആസിഡ് പരീക്ഷണമായിരുന്നു. പക്ഷേ ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു. മറ്റ് മത്സരങ്ങൾ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങൾ ചെയ്തത്. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു.