headerlogo
sports

കിംഗ് കോഹ്ലി; പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് മിന്നും ജയം

തകര്‍ന്ന ഇന്ത്യയെ കരകയറ്റിയത് കോഹ്ലി - ഹര്‍ദ്ദിക് പാണ്ഡ്യെ സഖ്യം

 കിംഗ് കോഹ്ലി; പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് മിന്നും ജയം
avatar image

NDR News

23 Oct 2022 06:12 PM

മെല്‍ബണ്‍: ആവേശപ്പോരില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. ലോകകപ്പ് ടി20 സൂപ്പര്‍ 12 മത്സരത്തില്‍ പാകിസ്ഥാനെ നാലു വിക്കറ്റിന് തകർത്താണ് ഇന്ത്യ കരുത്തുറ്റ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ പാക്‌സ്താന്‍: 159/8(20) ഇന്ത്യ: 160/6(20). 53 പന്തില്‍ 82 റണ്‍സെടുത്ത മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ മിന്നും പ്രകടനമാണ് ഒരുഘട്ടത്തില്‍ 34 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് മിന്നും വിജയം സമ്മാനിച്ചത്. 37 പന്തില്‍ 40 റണ്‍സ് നേടിയ ഹര്‍ദ്ദിക് പാണ്ഡ്യെയും വിരാട് കൊഹ്ലിയുമാണ് തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസും നസീം ഷായും രണ്ട് വിക്കറ്റ് വീഴ്ത്തി.

       ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെ പുറത്താക്കി അര്‍ഷദീപ് സിംഗ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. നാലാം ഓവറില്‍ അര്‍ഷദീപ് സിംഗ് ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ കൂടി പുറത്താക്കിയതോടെ ഇന്ത്യക്ക് പവര്‍ പ്ലേയില്‍ മേല്‍കൈ നേടാനായി. മൂന്നാം ഓവറില്‍ ഒത്തുചേര്‍ന്ന ഷാന്‍ മസൂദും ഇഫ്തിക്കര്‍ അഹമ്മദും മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് പാക് ഇന്നിംഗ്‌സിനെ തകര്‍ച്ചയില്‍ നിന്ന് കരയകയറ്റി. 

       എന്നാൽ 12 ഓവറിലെ രണ്ടാം പന്തില്‍ ഷമി ഇഫ്തിക്കര്‍ അഹമ്മദിനെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. 13-ാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ഹര്‍ദ്ദിക്ക് പാണ്ഡ്യ കളം നിറഞ്ഞതോടെ പാകിസ്ഥാന്‍ തകര്‍ച്ച മണത്തു. ഷാന്‍ മസൂദിനൊപ്പം ഷഹീന്‍ അഫ്രിദി നടത്തിയ പ്രകടനം പാകിസ്ഥാനെ മാന്യമായ സ്‌കോറിലെത്തിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ശരാശരി 8 റണ്‍സ് നേടാനായതാണ് പാകിസ്ഥാന് രക്ഷയായത്. 

       160 റണ്‍സ് വിജയലക്ഷ്യവുമായി തകര്‍ച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. രണ്ടാം ഓവറില്‍ നസീം ഷാ കെ. എല്‍. രാഹുലിനെ ബൗള്‍ഡ് ചെയ്തു. നാലാം ഓവറില്‍ രോഹിത്തും വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. രോഹിത്തിന് പിന്നാലെ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ കൂടെ വീഴ്ത്തി പവര്‍ പ്ലേയില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ചു. 

       പവര്‍ പ്ലേയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ വിരാട് കൊഹ് ലിയും ഹര്‍ദ്ദിഖ് പാണ്ഡ്യെയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു ക്രീസിൽ ഇറങ്ങി. മധ്യ ഓവറുകളില്‍ ഇരുവരും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ ഓവറുകളിലുണ്ടായ ക്ഷീണം മാറ്റാനായില്ല. 75 പന്തില്‍ ഇരുവരും ചേര്‍ന്ന് 100 റൺസ് നേടി. അവസാന ഓവറില്‍ കൊഹ്‌ലി കൊടുങ്കാറ്റായതോടെ മത്സരം ആവേശത്തിലായി. 20 പന്തില്‍ 50 റൺസാണ് ഇന്ത്യയ്‌ക്ക് ആവശ്യമായത്. ആഞ്ഞടിച്ച വിരാട് കൊഹ്ലി പാകിസ്താന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മത്സരത്തില്‍ പാകിസ്താന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഹാരിസ് റൗഫ് എറിഞ്ഞ പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകള്‍ സിക്‌സര്‍ പറത്തിയ 'റണ്‍ മെഷീന്‍' ഇന്ത്യയ്ക്ക് പ്രതീക്ഷയേറ്റി. 

       അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഹര്‍ദ്ദിക് പാണ്ഡ്യെയെ പുറത്താക്കി സ്പിന്നര്‍ മുഹമ്മദ് നവാസ് പാക് പ്രതീക്ഷ കാത്തു. പിന്നാലെ എത്തിയ ദിനേഷ് കാര്‍ത്തിക് കൊഹ്ലിക്ക് സ്‌ട്രൈക് മാറിയതോടെ കളി ഇന്ത്യയ്ക്ക് അനുകൂലമായി. നോബോളില്‍ സിക്സും ഫ്രീ ഹിറ്റില്‍ മൂന്ന് റണ്‍സും ലഭിച്ചതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

NDR News
23 Oct 2022 06:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents