സബ്ജില്ലാ വോളിബോൾ മത്സരം; ചരിത്ര വിജയം നേടി കോട്ടൂർ എ.യു.പി സ്കൂളിലെ കുരുന്നുകൾ
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്
നടുവണ്ണൂർ: 2022-23 അധ്യയന വർഷത്തിലെ പേരാമ്പ്ര സബ്ജില്ലാ വോളിബോൾ മത്സരത്തിൽ കോട്ടൂരിന്റെ വോളി പെരുമയ്ക്ക് ഒട്ടും കോട്ടം വരാതെ കോട്ടൂർ എ.യു.പി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി.
വോളിബോളിന്റെ തട്ടകമായ നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളെ പരാജയപ്പെടുത്തി ഫൈനൽ റൗണ്ടിൽ നടുവണ്ണൂർ ഗവ: ഹൈസ്കൂൾ ടീമുമായി ഏറ്റുമുട്ടി. സബ്ജൂനിയർ വിഭാഗത്തിൽ 8, 9 ക്ലാസിലെ കുട്ടികളുമായാണ് കോട്ടൂർ എ.യു.പിയിലെ 6, 7 ക്ലാസുകളിലെ കുരുന്നുകൾ മാറ്റുരച്ചത്.
കോച്ച് എം. ഇ. ജി. ബാലകൃഷ്ണൻ, മുൻദേശീയ താരവും എംപിടിഎ പ്രസിഡന്റുമായ സഫിയ ഒയാസിസ്, പ്രധാനാധ്യാപിക ആർ. ശ്രീജ, അധ്യാപകരായ റാഷിദ്, വി.ടി സുനന, രമ്യ, വിപിന, വി. വി. സബിത, എൻ.കെ. സലിം, എസ്. ഷൈനി, ജിതേഷ്, അജയ്, സനീഷ് തുടങ്ങിയവർ കുട്ടികൾക്ക് പ്രോത്സാഹനമായി.