ഐ എസ് എൽ; വിജയകുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്
സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്
മഡ്ഗാവ്: കേരളത്തിൻ്റെ കൊമ്പന്മാർക്ക് മുന്നിൽ ചെന്നൈ അടിപതറി വീണു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ വിജയം. ഇതോടെ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ബ്ലാസ്റ്റേഴ്സ് നേടിയത്.
ബ്ലാസ്റ്റേഴ്സിനുവേണ്ടി ഡയസ് പെരേര, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ എന്നിവർ ഗോൾ വല കുലുക്കി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നു. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി ആറുമത്സരങ്ങൾ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവർന്നത്.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ തകർത്ത അതേ ടീം തന്നെയാണ് ചെന്നെയ്ക്കെതിരെയും പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നിരത്തിയത്. ഇതോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണു.
ആദ്യ എട്ട് മിനിറ്റിലും ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാനായില്ല. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഗോൾവല കുലുക്കി ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ ഞെട്ടിച്ചു. ഡയസ് പെരേരയാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി ആദ്യ ഗോൾ നേടിയത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്ത് സ്വീകരിച്ച ലാൽത്താത്താങ ഖൗൾഹ്രിങ് ചെന്നൈയിൻ പ്രതിരോധതാരങ്ങൾക്ക് മുകളിലൂടെ പെരേരയെ ലക്ഷ്യമായി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ പെരേര ഗോൾകീപ്പർ വിശാൽ കെയ്ത്തിന് ഒരു സാധ്യതയും കൽപ്പിക്കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് സമ്മാനിച്ചു.
പിന്നാലെ 38-ാം മിനിട്ടിൽ മലയാളി താരം അബ്ദുൾ സഹൽ സമദാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്. 79-ാം മിനിട്ടിൽ ചെന്നൈയിന്റെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് പ്ലേ മേക്കർ അഡ്രിയാൻ ലൂണയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കി.