എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ
ഡീ അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്.

ആലപ്പുഴ :ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഡീ അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ചോദ്യംചെയ്യലിന് എത്തിയത്. അതിനാൽ വിഡ്രോവൽ സിൻഡ്രോമാണ് എന്നാണ് സംശയം. നടന്റെ സഹോദരനെ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ തന്നെ ഷൈൻ എക്‌സൈസ് സംഘത്തിനു മുന്നിൽ നിബന്ധന വെച്ചിരുന്നു. ഒരു മണിക്കൂറിനു ളളിൽ തന്റെ ചോദ്യംചെയ്യൽ പൂർത്തിയാക്കണമെന്നായിരുന്നു നടൻ ആവശ്യപ്പെട്ടത്. താൻ ബെംഗളൂരുവിലെ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലിരിക്കെ യാണ് ചോദ്യംചെയ്യലിന് ഹാജരായ തെന്നും ഉടൻ മടങ്ങണമെന്നുമാണ് നടൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
രാവിലെ വിമാനമാർഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുൽത്താനയും ഭർത്താവ് സുൽത്താനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക.
താരങ്ങളെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കും. താരങ്ങൾക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡലിനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.