സിനിമ സെറ്റ് പവിത്രമായ ഒരിടമല്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എംബി രാജേഷ്
ലഹരി പരിശോധനയില്‍ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം :സിനിമ സെറ്റ് പവിത്രമായ ഒരിടമല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധനയില്‍ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്ന് മന്ത്രി പറഞ്ഞു. ലഹരി പരിശോധന എല്ലായിടത്തും നടത്തും. പരിശോധന ഒഴിവാക്കാന്‍ സിനിമാസെറ്റിന് പവിത്രതയൊന്നു മില്ലെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കു മെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം ലഹരി പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോക്ക് പൊലീസ് നോട്ടീസ് നല്‍കും.
പരിശോധനക്കിടെ ഫ്ലാറ്റില്‍ നിന്നും ഓടിയിപ്പോയത് എന്തിനാണെന്നതില്‍ വ്യക്തതവരുത്താനാണ് നോട്ടീസ് നല്‍കുന്നത്. ഒരാഴ്ചക്കകം ഹാജരാകാനാണ് നിര്‍ദേശം. അതേസമയം ഇതുവരെയും ഷൈനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഷൈന്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചന കളാണ് അവസാനമായി പുറത്ത് വന്നത്.
കേസില്‍ പ്രതിയല്ലാത്തതിനാല്‍ തന്നെ നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനായിരുന്നു പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് അറിയിച്ചത്. ഷൈനെ രക്ഷപ്പെടാന്‍ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ ഷൈന്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായി രുന്നുവെന്നാണ് സൂചന.