headerlogo
recents

ഗുണമേന്മയുള്ള വൈദ്യുതി സമൃദ്ധമായി ലഭ്യമാക്കുക; സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന പ്രത്യേകത ഉണ്ട്.

 ഗുണമേന്മയുള്ള വൈദ്യുതി സമൃദ്ധമായി ലഭ്യമാക്കുക; സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
avatar image

NDR News

10 Apr 2025 04:23 PM

 തിരുവനന്തപുരം :കേരളത്തിലെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. സമഗ്ര വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് കേരളം. വികസനത്തിന്റെ ചാലകശക്തിയെന്ന നിലയിൽ ഗുണമേന്മയുള്ള വൈദ്യുതി സമൃദ്ധമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേരള സർക്കാരും കെ എസ് ഇ ബിയും വിഭാവനം ചെയ്ത് നടപ്പാക്കിവരുന്നത്. അനുദിനം ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ 2030 ഓടെ 10,000 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം ഉറപ്പാക്കുകയാണ് കെ എസ് ഇ ബി യുടെ ലക്ഷ്യം. സംസ്ഥാനത്തെ ജനസാന്ദ്രതയും ഭൂപ്രകൃതിയും പരിഗണിക്കുമ്പോൾ വൻകിട വൈദ്യുത പദ്ധതികൾ നടപ്പാക്കാൻ പ്രയാസമാണ്. അതിനാൽ സൗരോർജ്ജമടക്കമുള്ള പുനരുപയോഗ ഊർജ്ജസ്രോതസ്സു കളെ പരമാവധി ആശ്രയിച്ചു മാത്രമേ ഊർജ സ്വയം പര്യാപ്തത കൈവരിക്കാനാകുകയുള്ളൂ.ആയതിനാൽ തന്നെ വൈദ്യുതോല്പാദന രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രമുഖ സ്ഥാനമാണ് ഇപ്പോൾ പുനരുപയോഗ ഊർജ ഉൽപാദനത്തിന് നൽകുന്നത്.

    2016 – ൽ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജമേഖലയിൽ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി സംസ്ഥാനത്തിന് 2263 മെഗാവാട്ട് റിന്യൂവബിൾ എനര്‍ജി എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും, അതായത് 1576 മെഗാവാട്ട് സൗരോർജ മേഖലയിലാണ്. മാത്രമല്ല പുരപ്പുറ സോളാർ നിലയങ്ങളിലൂടെയുള്ള ഉത്പാദനം പ്രതിമാസം കുറഞ്ഞത് 30 മെഗാവാട്ട് എന്ന നിരക്കിൽ വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്നുള്ള വർദ്ധിത ഉത്പാദനവും എയർ കണ്ടീഷണറുകൾ, വൈദ്യുത വാഹനങ്ങൾ എന്നിവയുടെ അനിയന്ത്രിതമായ കടന്നുവരവും നിമിത്തം നിലവിൽ പകൽ സമയ ത്തെയും വൈകുന്നേരത്തെ പീക്ക് സമയത്തെയും ഡിമാൻഡ് തമ്മിലുള്ള അന്തരം വർദ്ധിക്കുക യാണ്. പീക്ക് – ഓഫ് പീക്ക് സമയങ്ങളിലെ ഡിമാൻഡ് അന്തരവും നിരക്ക് വ്യത്യാസവും നിയന്ത്രിച്ച് ഗ്രിഡ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് എനർജി സ്റ്റോറേജ് സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.

   പമ്പ്ഡ് സ്റ്റോറേജ് സ്റ്റേഷനുകൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) എന്നിവ സ്ഥാപിച്ച് ഈ പ്രതിസന്ധി ലഘൂകരിക്കുവാൻ കഴിയും. പമ്പ്ഡ് സ്റ്റോറേജ് നിലയങ്ങൾ സ്ഥാപിക്കുവാൻ കൂടുതൽ സമയവും നിക്ഷേപവും വേണ്ടിവരും എന്നതിനാൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയും 3000 മെഗാവാട്ട് അവർ ബെസ്സ് സ്ഥാപിക്കുന്നതിന് തത്വത്തിൽ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേര ത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് BESS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം.

   ആദ്യഘട്ടമായി കാസർഗോഡ് മൈലാട്ടി 220 kV സബ്സ്റ്റേഷനിൽ 125 മെഗാവാട്ട് / 500 മെഗാവാട്ട് അവര്‍ നിലയം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു വരുന്നു. കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതി രൂപരേഖ വിലയിരുത്തി കേന്ദ്ര ഊർജ്ജമന്ത്രാലയം 2024 നവംബർ 28-ാം തീയതി പദ്ധതിക്ക് 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചു. ഇത്തരത്തിലുള്ള, സംസ്ഥാനത്തെ ആദ്യ ബൃഹത് പദ്ധതി ആണെന്നുള്ളത് വിലയിരുത്തി ഇത്തരം പദ്ധതികൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിവരുന്ന സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) എന്ന കേന്ദ്ര ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലേക്കായി മത്സരാധിഷ്ഠിത ഗ്ലോബൽ ടെൻഡറുകൾ ക്ഷണിക്കുകയും പ്രവൃത്തിക്കുള്ള വർക്ക് ഓർഡർ 20.03.2025- ഇൽ M/s JSW Neo Energy Limited എന്ന സ്ഥാപനത്തിന് നൽകുകയും ചെയ്തിട്ടുണ്ട്. കരാർ പ്രകാരം യൂണിറ്റിന് 4.61 രൂപ ആണ് സ്റ്റോറേജ് നിരക്ക്. ഇതുവഴി പകൽ ലഭ്യമാകുന്ന അധിക സൗരോർജ്ജവൈദ്യുതി സംഭരിച്ചു രാത്രി സമയത്ത് വിതരണം ചെയ്യാൻ സാധിക്കും. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന പ്രത്യേകത ഉണ്ട്.

 

NDR News
10 Apr 2025 04:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents