കോവൂർ-ഇരിങ്ങാടൻപള്ളി റോഡിൽ തട്ടുകടക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം
കഴിഞ്ഞ ദിവസങ്ങളിലും നാട്ടുകാരെത്തി ഇവിടെയുള്ള കടകൾ അടപ്പിച്ചിരുന്നു

കോഴിക്കോട്: കോവൂർ-ഇരിങ്ങാടൻപള്ളി റോഡിലെ തട്ടുകടക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തുടർച്ചയായി നാലാം ദിവസവും കട അടപ്പിക്കാൻ പ്രദേശ വാസികൾ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും നാട്ടുകാരെത്തി ഇവിടെയുള്ള കടകൾ അടപ്പിച്ചിരുന്നു. രാത്രി പത്ത് മണിക്കുശേഷം കടകൾ തുറക്കരുതെന്ന് താക്കീത് ചെയ്‌താണ് നാട്ടുകാരുടെ കടകൾ അടപ്പിച്ചത്.
റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോർട്ടുകൾ നിറഞ്ഞതോടെ രാത്രിയിൽ വലിയ തിരക്കാണ് പ്രദേശത്തുള്ളത്. റോഡിലെ അനധികൃത പാർക്കിങ്ങും യുവാക്കൾ തമ്മിലുള്ള സംഘർഷവും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്രദേശത്തെ ലഹരി വിൽപനയും സജീവമാണെന്നും നാട്ടുകാര് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മിനി ബൈപാസിൽ ലഹരി വില്പനയ്ക്കെതിരെ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. രാത്രി പത്തിനു ശേഷം റോഡിൽ അനധികൃത പാർക്കിങ്ങിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റ് കമ്മീഷണർ എ.ഉമേഷിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.