തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ശേഖരിച്ച ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവം; ജീവനക്കാരന് സസ്‌പെന്‍ഷന്‍
ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരന്‍ അജയകുമാറിനെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ശേഖരിച്ച ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരന്‍ അജയകുമാറിനെ സസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമായാണ് ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്ക് അയക്കാന്‍ മാറ്റിവച്ചിരുന്ന ശരീര ഭാഗങ്ങളാണ് മോഷണം പോയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പത്തോളജി ലാബിന് സമീപം സൂക്ഷിച്ചിരുന്ന ശരീര അവയവങ്ങളാണ് കാണാതായത്.
ശനിയാഴ്ച രാവിലെയോടെ ആംബുലന്‍സ് ഡ്രൈവറും അറ്റന്ററും അവയവങ്ങള്‍ പത്തോളജി ലാബിന് സമീപം വച്ച് മടങ്ങി. തിരികെ വന്ന ജീവനക്കാര്‍ അവയവങ്ങള്‍ കാണാതായതോടെ മോഷണം നടന്നതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് മോഷണം പോയ അവയവങ്ങള്‍ പൊലീസ് കണ്ടെത്തി. അതേസമയം, സംഭവത്തില്‍ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു.
ലാബില്‍ എത്തിക്കുന്ന സാംപിളുകള്‍ കൈപ്പറ്റിയാല്‍ മാത്രമാണ് തനിക്ക് ഉത്തരവാദിത്തം. നാല് തിയേറ്ററുകളില്‍ നിന്നായി രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് എത്തിച്ചവയാണ് ഇവ. നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് താന്‍ കാര്യം അറിയുന്നത്. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളതെന്നും ഇന്ന് സ്റ്റെയര്‍കേസില്‍ വെച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സാംപിള്‍ തിരികെ എത്തിച്ചതായും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലന്നും മേധാവി ലൈല രാജി കൂട്ടിച്ചേര്‍ത്തു.