വടകരയിൽ ഹോളി ആഘോഷത്തിനിടെ കൂട്ടത്തല്ല്; അഞ്ചു പേർക്ക് പരിക്ക്
കുന്നംകുളത്ത് യുവാവിനെ വിയർ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു

കോഴിക്കോട്: വടകരയിലെ ലോഡ്‌ജിൽ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലിൽ. ലോഡ്‌ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേർന്ന പ്ലാനറ്റ് ലോഡ്‌ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്. ഹോളി ആഘോഷം കൊഴുപ്പിക്കാൻ മദ്യപിച്ച ഇവർ വാക്കുതർക്കത്തിലേർപ്പെടുകയും അത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. അക്രമത്തിൽ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതേസമയം തൃശൂർ കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ടു പേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്.