ചേനോളി കണ്ണമ്പത്ത് പാറ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
ക്ഷേത്രത്തിലെ തിറ മഹോത്സവം ഏഴാം തിയ്യതിയാണ് സമാപിച്ചത്

പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തൻ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്ര ജീവനക്കാരനായ ഒ.എം.രാജീവൻ തിങ്കളാഴ്ച സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം തകർന്നു കിടക്കുന്നതായി കണ്ടത്.ക്ഷേത്രം മാനേജിങ് ട്രസ്റ്റി ബാലകൃഷ്‌ണൻ ചേനോളി നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ക്ഷേത്രത്തിലെ തിറ മഹോത്സവം ഏഴാം തിയ്യതിയാണ് സമാപിച്ചത്. ഇതിനോടനുബന്ധിച്ച് ഒന്നേകാല് ലക്ഷം രൂപയോളം ഭണ്ഡാര വരവുണ്ടാകുമെന്നാണ് അനുമാനം.
ക്ഷേത്രത്തിൻ്റെ മുന്നിൽ തറയിൽ വെച്ചിരുന്ന ഭാരം എടുത്ത് ഓഫീസിന് സമീപം നിലത്തിട്ട് പൂട്ട് തകർക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷീദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.