നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിലായിരുന്നു സംഭവം.

കോട്ടയം :കോട്ടയത്ത് നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ക്ലാസിൽ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയാണ് നാല് വയസുകാരൻ മയങ്ങി വീണത്. പിന്നാലെ നടത്തിയ പരിശോധന യിലാണ് ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയത്.
ഇതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്തെത്തുകയിരുന്നു. കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിലായിരുന്നു സംഭവം. തുടർന്ന് ഇന്നലെ കുട്ടിയുടെ അമ്മ കോട്ടയം എസ്പിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണർകാട് എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയിൽ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുന്നത്. ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചോക്ലേറ്റ് പരിശോധനയ്ക്കയച്ചു. പരിശോധനയില്‍ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തുകയായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.