കൊയിലാണ്ടിയിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആൾക്കൂട്ട ആക്രമണം
ബൈക്കിന് സൈഡ് നൽകുന്നതുമായി ഉള്ള തർക്കമാണ് മർദ്ദനത്തിന് കാരണം

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആൾക്കൂട്ട ആക്രമണം. ബൈക്കിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. കൊയിലാണ്ടി സ്വദേശികളായ ഡ്രൈവർ അമൽജിത്ത്, കണ്ടക്ടർ അബ്ദുൽ നാസർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സ്വർണ്ണ മാലയും പണവും നഷ്ടമായെന്നും അക്രമിസംഘം കണ്ണിൽ മണ്ണ് വാരിയിട്ടെന്നും ഡ്രൈവർ അമൽജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് പോകും വഴി ചെങ്ങോട്ടുകാവ് വെച്ച് സൈഡ് നൽകില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനുമായി തർക്കം ഉണ്ടായിരുന്നു.
പിന്നീട് രാത്രിയിൽ അവസാനത്തെ സർവീസ് കഴിഞ്ഞ് കൊയിലാണ്ടി സ്റ്റാൻഡിൽ എത്തിയപ്പോൾ മുപ്പതോളം വരുന്ന സംഘം ബസ്സിൽ കയറി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ ഡ്രൈവർ പൊലീസ് സ്റ്റേഷനിലേക്ക് ബസ് എടുത്തെങ്കിലും മർദ്ദനം തുടരുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി സ്വദേശികളായ അജ്മൽ, സായൂജ് എന്നിവർ ക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയും പോലീസ് കേസെടുത്തു.