കൊയിലാണ്ടിയിലെ ആനക്കലി: കൂട്ടത്തില്‍ കുത്ത് പീതാംബരന്‍ ആനയുടെ പ്രകൃതം
മറ്റൊരു ആനയെ അസ്വസ്ഥത പ്രകടിപ്പിച്ചതുകൊണ്ട് മടക്കിക്കൊണ്ടുപോയി

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ പീതാംബരന്‍ എന്ന ആനയുടേത് കൂട്ടത്തില്‍ കുത്തുന്ന പ്രകൃതം. ഒറ്റയ്ക്ക് എഴുന്നള്ളിച്ചാല്‍ പീതാംബരന്‍ ശാന്തസ്വഭാവക്കാരനാണ്. എന്നാല്‍ കൂട്ടത്തില്‍ വന്നാല്‍ ഈ ആന മറ്റ് ആനകളെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കാര്യമാക്കാതെയാണ് പീതാംബരന്‍ ആനയെ മറ്റ് ആനകള്‍ക്കൊപ്പം എഴുന്നള്ളിച്ചത്. ഇതാണ് അപകടത്തിനിടയാക്കിയത്. അതിനിടെ കാഴ്ചക്കൊപ്പം എഴുന്നള്ളിക്കാനിരുന്ന ആമ്പാടി ബാലനാരായണന്‍ എന്ന ആനയെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മടക്കി അയച്ചിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ വൈകിട്ടോടെയായിരുന്നു ആനകള്‍ ഇടഞ്ഞത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരന്‍ ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയും ചെയ്തു.