സമ്പൂർണ്ണ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
ഹരിത പ്രഖ്യാപനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ ഹരിത അയൽകൂട്ടം, സമ്പൂർണ്ണ ഹരിത സ്ഥാപനം, സമ്പൂർണ്ണ ഹരിത അങ്കണവാടി എന്നീ വിഭാഗങ്ങളിലാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ, ശാസ്ത്രീയമായി ജൈവമാലിന്യ സംസ്കരണം, കൃത്യമായ ദ്രവമാലിന്യ സംസ്കരണം, വൃത്തിയായ പരിസര പരിപാലനം, കുടിവെള്ള സ്രോതസിന്റെ പരിപാലനം തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഹരിത പ്രഖ്യാപനം നടത്തുന്നത്.പൊതുമാനദണ്ഡങ്ങൾക്ക് പുറമേ വിവിധ വിഭാഗങ്ങളിൽ പ്രത്യേകമായ മാനദണ്ഡങ്ങളും കൂടെ പരിഗണിച്ചാണ് ഹരിത സർട്ടിഫിക്കറ്റ് നൽകുന്നത്.
നഗരസഭയിലെ 72 അങ്കണവാടികൾ, 27 വിദ്യാലയങ്ങൾ, നാല് കലാലയങ്ങൾ, 78 ഓഫീസുകൾ, 708 അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സർട്ടിഫിക്കറ്റിന് അർഹരായി. ഹരിത പ്രഖ്യാപനത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ഹരിത പ്രഖ്യാപന വിളംബര റാലിയും നടന്നു. ഹരിത പ്രഖ്യാപനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.
യു.എ ഖാദർ സാംസ്കാരിക പാർക്കിൽ നടന്ന ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്ത്, നിജില പറവക്കൊടി, കെ.എ.ഇന്ദിര, കെ ഷിജു, കൗൺസിലർമാരായ എ. അസീസ്, എ. ലളിത, വത്സരാജ് കേളോത്ത്, ദൃശ്യ, സി. പ്രജിഷ, സെക്രട്ടറി ഇന്ദു എസ്. ശങ്കരി, ക്ലീൻ സിറ്റി മാനേജർ ടി.കെ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.