പകുതി വില തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500
അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും
![പകുതി വില തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500 പകുതി വില തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500](imglocation/upload/images/2025/Feb/2025-02-06/1738834009.webp)
കൊച്ചി: സംസ്ഥാനമാകെ നടന്ന 'പകുതി വില' തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളില്‍ നിന്ന് ഈടാക്കിയത്. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകിയത്. കരാർ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്‍റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്‍റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. തട്ടിപ്പിലൂടെ പ്രതി അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.