ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയില്‍
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് :ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.
പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും.വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എസ്‌എസ്‌എല്‍സി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസില്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നെന്നായിരുന്നു ആരോപണം.
ചോദ്യപേപ്പർ ചോർത്തി പുതിയ രീതിയില്‍ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെ ന്നായിരുന്നു കെ എസ് യു ആരോപിച്ചത്. എന്നാല്‍, മറ്റ് പ്ലാറ്റ്ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെ മാത്രമാണെന്നാണ് എം എസ് സൊല്യൂഷൻസ് ആരോപിക്കുന്നത്.