headerlogo
recents

പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം ചെറിയാൻ അന്തരിച്ചു

രാജ്യത്തെ ആദ്യ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് ഇദ്ദേഹമാണ്.

 പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം ചെറിയാൻ അന്തരിച്ചു
avatar image

NDR News

26 Jan 2025 10:52 AM

  ബാംഗ്ലൂർ : രാജ്യത്തെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ.എം ചെറിയാൻ (82) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബംഗളൂരുവിൽ എത്തിയതായിരുന്നു.രാജ്യത്തെ ആദ്യ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് ഇ​ദ്ദേഹമാണ്. 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ഡോ കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന പേരിൽ ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്.

   ഡോ. കെ.എം ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1975ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്.1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു.

  ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജൻ്റെ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡൻ്റും ഡയറക്ടറും പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാനുമായിരുന്നു. അമേരിക്കൻ അസോസിയേഷൻ ഫോർ തൊറാസിക് സർജറിയിലെ ആദ്യ ഇന്ത്യൻ അംഗവും ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയും മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറി യുടെ ഓണററി അംഗവുമാണ്.

 

 

NDR News
26 Jan 2025 10:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents