അതിരപ്പിള്ളിയിൽ മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു; ചികിത്സ ആരംഭിച്ചു
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവെച്ചത്.
അതിരപ്പിള്ളി : അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടി വെച്ചത്. നാലു റൗണ്ട് മയക്കു വെടിവെച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടുകയായി രുന്നു .
നിലവില്‍ റബര്‍ തോട്ടത്തിൽ മയക്കു വെടിയേറ്റ് മയങ്ങിയ ആനയ്ക്ക് ദൗത്യസംഘം ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവെച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്‍റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്തായിരുന്നില്ല. ഇന്നലെ ആറു സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
രണ്ടുദിവസം മുമ്പ് ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ ആനയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ദൗത്യ സംഘത്തിന് മുന്നില്‍പ്പെട്ട ആന മറ്റ് മൂന്ന് ആനകള്‍ക്കൊപ്പമായിരുന്നു. മയക്കുവെടിയേറ്റതോടെ കൂട്ടത്തില്‍ നിന്നും വേര്‍പ്പെട്ട് പരിഭ്രാന്തിയോടെ ഓടിയ ആന ഒടുവില്‍ മയങ്ങിയതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.