നടുവണ്ണൂർ പെട്രോൾ പമ്പിലെ ഡീസൽ ചോർച്ചയ്ക്ക് പരിഹാരമായില്ല
കർമ്മസമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികളുമായി പ്രദേശവാസികൾ രംഗത്ത്

നടുവണ്ണൂർ: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിൽ നടുവണ്ണൂർ മേക്കോത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിലെ ഇന്ധന ചോർച്ചയ്ക്ക് ഇനിയും പരിഹാരമായില്ല. നേരത്തെ നടന്ന സമരത്തിൻറെ തുടർച്ചയായി ഇപ്പോൾ നാട്ടുകാർ ചേർന്ന് കർമ്മസമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ പറഞ്ഞു. പമ്പിന് സമീപമുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ഡീസലിന്റെ ഗന്ധവും അസാധാരണമായ നിറവ്യത്യാസവും നിലനിൽക്കുന്നതിനാൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. പെട്രോൾ പമ്പിലെ നിർമ്മാണത്തിലെ അപാകത മൂലമാണ് പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം തന്നെ ഇന്ധനം ചോർന്നത്. നേരത്തെ ഇന്ധനം ചോർച്ച ഉണ്ടായപ്പോൾ ആഴ്ചകളോളം പമ്പ് അടച്ചിടുകയും തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ വീണ്ടും പ്രവർത്തനമാരംഭിച്ച് ആഴ്ചകൾ കഴിയുമ്പോഴാണ് മുൻപത്തേക്കാൾ രൂക്ഷമായ രീതിയിൽ തകരാറ് സംഭവിച്ചത്
ജലമലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലം സന്ദർശിച്ച് അവശ്യം വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. നിർമാണത്തിലെ അപാകത ചൂണ്ടി ക്കാണിക്കുകയും ചെയ്തു. എന്നാൽ ഈ നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെ പമ്പ് വീണ്ടും പ്രവർത്തിക്കുകയാണ് ഉണ്ടായിരുന്നതെന്ന് കർമ്മ സമിതി അംഗങ്ങൾ പറഞ്ഞു. ഇന്ധന ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇപ്പോൾ പമ്പ് അടച്ചിട്ടിരിക്കുകയാണ്. ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് കർമ്മസമിതി അംഗങ്ങൾ പറഞ്ഞു.