മുണ്ടക്കൈ –ചൂരൽമല ടൗൺഷിപ്; പുനരധിവാസ ഭൂമിയുടെ വിലനിർണയ സർവേ പൂർത്തിയായി
പത്തുദിവസത്തിനുള്ളിലാണ് ഫീൽഡ് സർവേ പൂർത്തിയാക്കിയത്.
വയനാട് : മുണ്ടക്കൈ – ചൂരൽ മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിശ്ചയിച്ച എസ്‌റ്റേറ്റ് ഭൂമികളുടെ വിലനിർണയ സർവേ പൂർത്തി യായി. കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 58.50 ഹെക്‌ടറും എച്ച്‌എംഎല്ലിന്റെ നെടുമ്പാല എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 48.96 ഹെക്‌ടറിലുമാണ് സർവേ പൂർത്തിയാക്കിയത്. ഭൂമി ഏറ്റെടുക്കലിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ സർക്കാർ അതിവേഗ നടപടിയിലേക്ക് കടക്കുകയായിരുന്നു. കേന്ദ്ര സഹായം നിഷേധിക്കപ്പെടുമ്പോഴും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തി പ്രതിഫലിപ്പിച്ചാണ് ടൗൺഷിപ്പിനായുള്ള ഒരുക്കം വേഗത്തിൽ പുരോഗമിക്കുന്നത്.
പത്തുദിവസത്തിനുള്ളിലാണ് ഫീൽഡ് സർവേ പൂർത്തിയാക്കി യത്. ഡിജിറ്റൽ സർവേയും പൂർത്തിയായി. സ്‌പെഷ്യൽ ഓഫീസർ അരുൺകുമാറിന്റെ നേതൃത്വത്തിൽ സർവേ, റവന്യു, വനം, കൃഷി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ 80 പേരടങ്ങുന്ന സംഘത്തെ വിന്യസിച്ചായിരുന്നു ഫീൽഡ് സർവേ. ഒരാഴ്‌ചക്കുള്ളിൽ ഭൂമി, മരങ്ങൾ, കാർഷികവിളകൾ, കെട്ടിടങ്ങൾ എന്നിവയുടെ അന്തിമ കണക്ക് പൂർത്തിയാക്കി വില നിർണയിക്കും.
സർവേ നടപടികൾക്കുശേഷം ഭൂമി ഒരുക്കൽ നടപടി ആരംഭിക്കാൻ കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോണിനും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും സർക്കാർ നിർദേശം നൽകി. പുനരധിവാസ പദ്ധതി നടപ്പാക്കാൻ ത്രിതല സംവിധാനമാണ് ഉറപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ വയനാട് പുനർനിർമാണ സമിതി പദ്ധതിക്ക് നേതൃത്വം നൽകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കലക്ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റും പ്രവർത്തിക്കും.
കെട്ടിടനിയമം പരിഗണിച്ച് ഭൂമിയുടെ ശാസ്ത്രീയത അടിസ്ഥാന മാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണ് ടൗൺഷിപ്പ് നിർമിക്കുക. വീടുകൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി കളി സ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാകും ടൗൺഷിപ്.