എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് വൻ തോതിൽ രോഗ വ്യാപനമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ദില്ലി :രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ വർധിക്കുന്നു. നിലവിൽ 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഊർജ്ജിതമാക്കി യെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് വൻ തോതിൽ രോഗ വ്യാപനമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ ചെന്നൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിട്ടാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് കുട്ടികളിലാണ്. ചൈനയിൽ പടർന്നു വരുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാകുന്നത്. ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബംഗളുരുവിൽ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ രോഗത്തെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തി ക്കഴിഞ്ഞു. മരുന്നുകൾ കരുതണമെന്നും ഐസൊലേഷൻ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി.