കലൂരിലെ നൃത്ത പരിപാടി;സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പോലീസ്
ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ.
എറണാകുളം :കലൂർ സ്റ്റേഡിയ ത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടു ണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.അതിനിടെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയിരുന്നു. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തു മെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം.
സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി.
അതേസമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ താൽക്കാലിക സ്റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ചൊവ്വാഴ്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയും.പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ശേഷം നിഗോഷ് കുമാറിനെ ഏഴര മണിക്കൂർ ചോദ്യം ചെയ്ത ശേഷ മാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.