മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം; സ്പോൺസർമാരുമായി നാളെ മുഖ്യമന്ത്രി കൂടികാഴ്ച നടത്തും
പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും
തിരുവനന്തപുരം: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും. നൂറ് വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും.
നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാരിനെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൻ്റെ സ്‌പെഷ്യൽ ഓഫീസറായി മലപ്പുറം എൽ എ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ ഒ അരുണിന് അധിക ചുമതല നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.