പോലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് കടന്ന ലഹരി സംഘാംഗം പിടിയിൽ
അഞ്ചു പേർക്കായി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ്
പെരുവണ്ണാമൂഴി : പെരുവണ്ണമൂഴി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊത്തിയ പാറയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ ലഹരി സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. ആയഞ്ചേരി കുനിയിൽ കിഴക്കയിൽ നജീദ്(33) ആണ് അറസ്റ്റിൽ ആയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മാരക ലഹരി മരുന്നായ എം ഡിഎംഎ ഉപയോഗിച്ചതിനുമാണ് കേസ്.
പോലീസ് പെട്രോളിങ്ങിനിടെ കൊത്തിയ പാറയിൽ വെച്ച് കെ എൽ 18 ക്യു 730 നമ്പർ ഫോർച്യൂണർ കാറിൽ ഒരു സംഘം എംഡിഎംഎ ഉപയോഗിക്കുന്നത് കാണുകയും വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. എംഡി എം എ ഉപയോഗിക്കുന്ന ഉപകരണവും പോലീസ് കണ്ടെടുത്തു. പെരുവണ്ണാമുഴി പോലീസ് ലഹരി സംഘത്തെ പിന്തുടരുകയും കിഴക്കൻ പേരാമ്പ്ര വളയം കണ്ടം ശാന്തിപ്പാറ എത്തിയപ്പോൾ മുന്നിൽ റോഡ് അവസാനിച്ചപ്പോൾ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളെ പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന സംഘത്തിലെ അഞ്ചുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.