കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നവർ ശ്രദ്ധിക്കുക; ഇനി പ്രവേശനം ഈ വഴിയിലൂടെ മാത്രം
വാഹനങ്ങൾ ആനിഹാൾ റോഡിലൂടെ വന്ന് എടിഎം പ്രവർത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ പ്രവേശിക്കണം

കോഴിക്കോട് : നവീകരണ പ്രവൃത്തികളുടെ ഭാഗമായി സ്റ്റേഷനിലേക്ക് ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ വരുന്നതിലും പോകുന്നതിലും പുതിയ ക്രമീകരണം ഏർപ്പെടുത്തി. വാഹനങ്ങൾ ആനിഹാൾ റോഡിലൂടെ വന്ന് സ്റ്റേഷൻ കോംപൗണ്ടിൽ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാൻ. ലിങ്ക് റോഡ് വഴി വന്നാൽ വാഹനങ്ങൾക്ക് സ്റ്റേഷൻ കോംപൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല.
ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന രണ്ട് വഴികൾ അടയ്ക്കും. പകരം വടക്കുഭാഗത്ത് എസ്കലേറ്ററുകൾക്ക് അടുത്തായി നിലവിലുള്ള കവാടവും തെക്കുഭാഗത്ത് തുറക്കാൻ പോകുന്ന പുതിയ കവാടവും ഉപയോഗിക്കാം. മേലേ പാളയം റോഡിലെ വൺവേ ഒഴിവാക്കിയതിനാൽ പാളയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ദീവാർ ഹോട്ടലിനു മുന്നിലൂടെ നാലാം പ്ലാറ്റ്ഫോമിലേക്കും കടക്കാം.