താമരശ്ശേരി ചുരത്തിലെ അപകടയാത്ര; കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
നാളെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം
താമരശ്ശേരി: ചുരത്തിൽ ഫോൺ വിളിച്ച് കൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകി. ഇന്നലെ വൈകീട്ടായിരുന്നു ഫോണിൽ സംസാരിച്ചുകൊണ്ട് ഡ്രൈവർ ബസ് ഓടിച്ചത്.
കൽപ്പറ്റയിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നാരോപിച്ച് യാത്രക്കാർ പരാതി നൽകിയിരുന്നു. ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല. തുടർന്ന് യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആണ് തീരുമാനം. ഡ്രൈവറുടെ വിശദീകരണം കൂടി തേടിയ ശേഷമാകും നടപടി.