പീഡന പരാതി; നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു
കേരളം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.
എറണാകുളം :ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. കേരളം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.
സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിചാരണ കോടതി നടപടി. ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും പരാതിക്കാരി ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് ആരെയും കാണാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. അതേസമയം സോഷ്യൽ മീഡിയ വഴി പരാതി ക്കാരിയെ അധിക്ഷേപിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിയത്. യുവതി പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ.
2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇത് പ്രകാരം പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.