കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൂത്താളി സ്വദേശി മരിച്ചു
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ശരീര മരവിപ്പും വേദനയുമായി എത്തിയ യുവതിക്ക് ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നവംബർ നാലിനാണ് രജനി കാഷ്വാലിറ്റിയിൽ ചികിത്സ തേടിയിരുന്നത്. കാലിന് വേദനയും നാവിന് തരിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുള്ള ചികിത്സ നല്‍കി പറഞ്ഞയച്ചെങ്കിലും വേദന കടുത്തതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിക്ക് അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം ബാധിച്ചിരുന്നെന്നും, രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകി.