നടുവണ്ണൂരിൽ അധ്യാപക വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു
പ്രദേശത്തെ തെരുവനായ ശല്യം രൂക്ഷമായിട്ടും നടപടിയില്ല
നടുവണ്ണൂർ: അധ്യാപക വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. നടുവണ്ണൂരിൽ ഇന്ന് രാവിലെ കൂട്ടാലിട റോഡ് ജംഗ്ഷന് സമീപമാണ് സംഭവം. മേപ്പയ്യൂർ സലഫി ടീച്ചേഴ്സ് ട്രെയിനിങ് സെൻററിൽ വിദ്യാർത്ഥിയും ഇപ്പോൾ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ട്രെയിനിങ് അധ്യാപികയുമായ അഘന്യക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഇടവഴിയിലൂടെ റോഡിലേക്ക് കയറിവന്ന നായ യുവതിയുടെ കയ്യിൽ ചാടി കടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അവർ ബഹളം വെച്ച് ഓടി വന്നപ്പോഴാണ് നായ ഓടി മറഞ്ഞത്.
നടുവണ്ണൂർ പരിസരവും തെരുവുനായ ശല്യം രൂക്ഷമായിട്ട് ഏറെക്കാലമായി. ബസ്റ്റാൻഡിൽ വച്ച് ഒരു മാസം മുമ്പ് സ്കൂളിലേക്ക് വരികയായിരുന്ന കുട്ടിയെ നായ കടിച്ചിരുന്നു.അതിനുമുൻപും ബസ്റ്റാൻഡ് പരിസരത്ത് വച്ച് കുട്ടികളെയും യാത്രക്കാരെയും നായ കടിച്ചിട്ടുണ്ട്. പത്രമാധ്യമങ്ങളിലും മറ്റും ധാരാളം വാർത്തകൾ വന്നിട്ടും നായ ശല്യം പരിഹരിക്കുന്നതിന് നടപടിയൊന്നും ഉണ്ടായിട്ടില്ല.