കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു
മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
വടകര: കേരള സാഹിത്യ അക്കാദമിയുടെ കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു. വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന് പുസ്തകം നൽകിയാണ് പ്രകാശിപ്പിച്ചത്.
ഗ്രാമീണ ജീവിതവും കാർഷിക ജീവിതവും ദേശീയബോധവും ലയിച്ചുചേർന്നതായിരുന്നു കടത്തനാട്ട് മാധവി അമ്മയുടെ കവിതകളെന്ന് അശോകൻ ചരുവിൽ പറഞ്ഞു.പുരോഗമന കലാ സാഹിത്യ സംഘവും കടത്തനാട്ട് മാധവി അമ്മ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ആർ ബാലറാം അധ്യക്ഷത വഹിച്ചു. കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കവിതാ അവാർഡുകൾ അൽത്താഫിനും കനിമൊഴിക്കും അശോകൻ ചരുവിൽ സമ്മാനിച്ചു.
സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. അന്നപൂർണ, അനിൽ ആയഞ്ചേരി, പുറന്തോടത്ത് ഗംഗാധരൻ, ഡോ. എ കെ രാജൻ, പി കെ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ഗോപീനാരായണൻ സ്വാഗതവും എടയത്ത് ശ്രീധരൻ നന്ദിയും പറഞ്ഞു. കവിയരങ്ങ് വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മധു കടത്തനാട്ട് അധ്യക്ഷനായി. കാനപ്പളളി ബാലകൃഷ്ണൻ സ്വാഗതവും കെ പി ഗോപിനാഥ് നന്ദിയും പറഞ്ഞു.