കോക്കല്ലൂർ സ്കൂൾ വിദ്യാർഥിനിയുമായി സംസാരിച്ച യുവാവിന് നേരെ സദാചാര അക്രമം
സംഭവത്തിൽ യുവാവിനും വിദ്യാർത്ഥിനിക്കും പരിക്കേറ്റതായി ബന്ധുക്കൾ
ബാലുശ്ശേരി: കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥിനിയോട് സംസാരിച്ച ബന്ധുവായ യുവാവിന് നേരെ നാട്ടുകാർ ചേർന്ന് സദാചാര ഗുണ്ടാ അക്രമണം നടത്തിയതായി പരാതി. കോക്കല്ലൂരിൽ സംഭവത്തിൽ യുവാവിനും വിദ്യാർത്ഥിനിക്കും പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു.കോക്കല്ലൂർ അങ്ങാടിയിൽ വച്ച് ബന്ധുവായ യുവാവുമായി സംസാരിച്ചിരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുക യായിരുന്നെന്നാണ് പരാതി.
കോക്കല്ലൂർ അങ്ങാടിയിൽ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി സംസാരിച്ചു നിൽക്കെയാണ് സംഭവം. കുറച്ചാളുകൾ അസഭ്യം പറഞ്ഞെത്തുകയും മർദ്ദിച്ചെന്നുമാണ് പരാതി. ബന്ധുവാണെന്ന് പറഞ്ഞു കൊണ്ട് പെൺകുട്ടി തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളാണെങ്കിൽ ഇതൊക്കെ വീട്ടിൽ പോയി ചെയ്താൽ മതിയെന്ന് ആക്രോശിച്ചുകൊണ്ട് മർദനം തുടരുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബാലുശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.