കീഴരിയൂരിൽ കിടങ്ങിൽ വീണ പോത്തിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
ഇന്ന് രാവിലെ 11:30 യാണ് മേയാൻവിട്ട പോത്ത് പറമ്പിലെ കിടങ്ങിൽ വീണത്
കീഴരിയൂർ : കിടങ്ങിൽ വീണ പോത്തിന് രക്ഷകരായി അഗ്നിശമന സേനയും നാട്ടുകാരും ' ഇന്ന് രാവിലെ 11:30 യാണ് കീഴരിയൂരിൽ മേയാൻ വിട്ട പോത്ത് പറമ്പിലെ കിടങ്ങിൽ വീണത്. ഇടുങ്ങിയ കിടങ്ങ് ആയതിനാൽ പോത്തിന് കരയിലേക്ക് കയറാൻ സാധിക്കാതെ വരികയായിരുന്നു. പൊന്നോളി പികെഎം കുഞ്ഞമ്മദ് എന്ന ആളുടെതാണ് പോത്ത്. പോത്ത് കിടങ്ങിൽ വീണ ഉടനെ ഓടിയെത്തിയ പരിസരവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഉടൻ തന്നെ വിവരം കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹകരണത്തോടെ പോത്തിനെ രക്ഷപ്പെടുത്തി. മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കിടങ്ങിൽ നിന്നും പുറത്തെടുത്തത്. പോത്തിന് പരിക്കുകൾ ഒന്നും ഇല്ല. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഗ്നി രക്ഷനിലയത്തിൽ നിന്നും എത്തിയത്.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ പി ജനാർദ്ദനൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി കെ അനൂപ്, ഫയർ ഓഫീസർമാരായ രജിലേഷ്, നിതിൻ രാജ്, ബിനീഷ്, ലിനീഷ്, ഹോം ഗാർഡ് സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.