headerlogo
recents

ടി ട്വന്റി വനിത ലോകകപ്പ്; ടീം ഇന്ത്യ ഇന്നിറങ്ങും

രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

 ടി ട്വന്റി വനിത ലോകകപ്പ്; ടീം ഇന്ത്യ ഇന്നിറങ്ങും
avatar image

NDR News

04 Oct 2024 12:47 PM

   ദുബായ് :ടി ട്വന്റി ലോക കപ്പ് സ്വപ്‌നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

    പാകിസ്താന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ കൂടിയുള്ള ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്. ലോകകപ്പിന് മുന്നോടിയായി നടന്ന വനിത ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യ സന്നാഹമത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെ പരാജയപ്പെടുത്തി യിരുന്നു.ന്യൂസീലന്‍ഡ് കഴിഞ്ഞ പത്തുമത്സരങ്ങളും തോറ്റ നിരാശയിലാണ് വരുന്നത്. പത്ത് മത്സരങ്ങളില്‍ ഏഴെണ്ണം ഓസ്ട്രേലിയയോടും മൂന്നെണ്ണം ഇംഗ്ലണ്ടിനോടും തോറ്റിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പത്തുവര്‍ഷത്തിന്റെ പരിചയമുള്ള സ്മൃതിയും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഷെഫാലി വര്‍മയും ചേര്‍ന്നാകും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.

   ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, റിച്ചാ ഘോഷ് എന്നിവരുള്‍പ്പെട്ട മധ്യനിരയും ശക്തമാണ്. സ്പിന്‍ ബൗളര്‍മാര്‍ക്ക് ഗുണം കിട്ടുമെന്നുകരുതുന്ന ദുബായിലെ പിച്ചില്‍, മലയാളി ലെഗ് സ്പിന്നര്‍ ആശാ ശോഭന, ശ്രേയങ്കാ പാട്ടീല്‍, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ, രാധാ യാദവ് എന്നിവരുള്‍പ്പെട്ട സ്പിന്‍ നിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.കേരളത്തില്‍ നിന്ന് ഓള്‍റൗണ്ടര്‍ ആയ സജന സജീവന്‍ ടീമിലിടം പിടിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രേണുക സിങ്, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി എന്നിവര്‍ പേസ് വിഭാഗത്തെ നയിക്കും.

  അതേ സമയം ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ നേതൃത്വം നല്‍കുന്ന ന്യൂസീലന്‍ഡിന്റെ ബാറ്റിങ്ങ് നിരയില്‍ സൂസി ബേറ്റ്സ്, ജോര്‍ജിയ പ്ലിമ്മര്‍ തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ. ശ്കതരായ ടീം ആണ് ന്യൂസിലാന്‍ഡ് എങ്കിലും ഒത്തിണക്കത്തോടെ കളിച്ചാല്‍ വിജയം കൈപ്പിടിയിലാക്കാം. ന്യൂസിലാന്‍ഡിന്റെ പ്രധാന വിക്കറ്റുകള്‍ ആദ്യ അഞ്ച് ഓവറുകളില്‍ തന്നെ വീഴ്ത്താന്‍ ശേഷിയുള്ള ബൗളിങ് നിര ഇന്ത്യക്കുണ്ടെന്നാണ് കളിയാരാധകര്‍ പ്രതീക്ഷ പങ്കിടുന്നത്.

 

NDR News
04 Oct 2024 12:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents