സീതാറാം യെച്ചൂരി അന്തരിച്ചു; വിടവാങ്ങിയത് ഇടത് പ്രസ്ഥാനത്തിൻ്റെ വിപ്ലവ നക്ഷത്രം
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
ഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന യെച്ചൂരി സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗമായി സേവനമനുഷ്ഠിച്ചു.
1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ച യെച്ചൂരി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളെജിൽനിന്നു ബിരുദവും ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1974ലാണ് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
അടിയന്തരാവസ്ഥയ്‍ക്കെതിരെ കാംപസിലും പുറത്ത് രാജ്യതലസ്ഥാനത്തും നടന്ന വിദ്യാര്‍ഥി പ്രധിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന യെച്ചൂരി, ഇതിന്‍റെ പേരില്‍ ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1978ൽ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായും ഇതേവർഷം തന്നെ അഖിലേന്ത്യാ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ മരണം വരെ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിശ്തി ഭാര്യയും യു.കെയില്‍ സെന്‍റ് ആന്‍ഡ്ര്യൂസ് സര്‍വകലാശാല അദ്ധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളുമാണ്.