ചർച്ച വിഫലം: കുറ്റ്യാടി റൂട്ടിലെ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ
ഡ്രൈവറെ മർദ്ധിച്ചവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് തൊഴിലാളികൾ

കുറ്റ്യാടി: കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം അവസാനിച്ചില്ല. പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചുചേർത്ത അനുരഞ്ജന യോഗം തീരുമാനമാകാതെ തിരിഞ്ഞു. മർദ്ദിച്ചവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്താൽ മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് തൊഴിലാളികളുടെ നിലപാട്. ഇതിന് വഴങ്ങാൻ ഡിവൈഎസ്പി പക്ഷേ തയ്യാറായില്ല.
ആശുപത്രിയിലെത്തി ഡ്രൈവറെ പരിശോധിച്ച ശേഷമേ മറ്റു നടപടികളിലേക്ക് കടക്കൂ എന്നാണ് പോലീസ് പറയുന്നത്. ചർച്ചയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് ഉടമകളും പങ്കെടുത്തിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന സമരം മൂലം നിരവധി യാത്രക്കാരാണ് വലഞ്ഞത് ടാക്സി വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. യാത്ര പ്രശ്നം ലഘൂകരിക്കുന്നതിന് ഇന്നും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.